
തിരുവനന്തപുരം: പാറശാല ഷാരോൺ കൊലക്കേസിൽ പൊലീസിന് വീഴ്ചയുണ്ടായതിൽ നടപടി. ഇതിന്റെ ഭാഗമായി പാറശാല സ്റ്റേഷനിലെ സി ഐ ഹേമന്ത് കുമാറിനെ വിജിലൻസിലേയ്ക്ക് സ്ഥലം മാറ്റി. സംസ്ഥാനത്തെ എസ് എച്ച് ഒമാർക്ക് കൂട്ട സ്ഥലം മാറ്റം നൽകുന്നതിന്റെ ഭാഗമായാണ് നടപടി. വിജിലൻസിലെയും വിവിധ പൊലീസ് സ്റ്റേഷനിലെയും അടക്കം 53 പൊലീസ് ഇൻസ്‌പെക്‌ടർമാർക്കാണ് സ്ഥലം മാറ്റം. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് ഡി ജി പി അനിൽകാന്ത് നൽകിയിരുന്നു.
ഷാരോൺ കൊലക്കേസിൽ പാറശാല പൊലീസ് പ്രതികൾക്കൊപ്പം ഒത്തുകളിച്ചെന്ന് ഷാരോണിന്റെ കുടുംബം ആരോപിച്ചിരുന്നു. അന്വേഷണം അട്ടിമറിക്കുന്നതിന് പാറശാല പൊലീസ് കൂട്ടുനിന്നുവെന്നും നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്‌മയുടെ ചാറ്റുകളിൽ അന്വേഷണം നടത്തിയില്ലെന്നും ആദ്യഘട്ടത്തിൽ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് ശ്രമിച്ചില്ലെന്നുമായിരുന്നു പ്രധാന ആരോപണം. ഇതിന് പിന്നാലെയായിരുന്നു കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ഇതിനിടെ പാറശാല പൊലീസിനെ ന്യായീകരിച്ചുള്ള ഹേമന്ത് കുമാറിന്റെ ശബ്ദസന്ദേശം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതും ഏറെ വിവാദമായിരുന്നു.
അതേസമയം, മ്യൂസിയം സ്റ്റേഷനിലെ എസ് എച്ച് ഒ പി എസ് ധർമജിത്തും സ്ഥലം മാറ്റം ലഭിച്ചവരിൽ ഉൾപ്പെടുന്നു. അഞ്ചാലുംമൂട് സ്റ്റേഷനിലേയ്ക്കാണ് ധർമജിത്തിനെ സ്ഥലം മാറ്റിയത്. മ്യൂസിയം വളപ്പിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തിൽ പ്രതിയെ പിടികൂടാൻ വൈകിയതിൽ പൊലീസിനെതിരെ വിമർശനം ഉയർന്നിരുന്നു.