
ഒരു മാസത്തിനകം രാജ്യത്തൊട്ടാകെ 4ജി സേവനം നൽകാൻ ഒരുങ്ങി ബി എസ് എൻ എൽ. ഡിസംബറിലോ ജനുവരിയിലോ 4ജി സേവനം തുടങ്ങും. പിന്നെ ഘട്ടംഘട്ടമായി രാജ്യത്തൊട്ടാകെ നെറ്ര് വർക്ക് വ്യാപിപ്പിക്കുന്നതിനാണ് പദ്ധതി. ഇതിനായി ടി സി എസുമായുള്ള 26,821 കോടി രൂപയുടെ കരാറിന് സർക്കാർ അംഗീകാരം നൽകി.
ഒരു ലക്ഷം കേന്ദ്രങ്ങളിൽ സേവനം നൽകാനുള്ള പർച്ചെയ്സ് ഓർഡർ ഉടനെ ടിസി എസിന് സൽകുമെന്ന് ബി എസ് എൻ എൽ അധികൃതർ അറിയിച്ചു. ഇതിന്റെ ഒമ്പത് വർഷത്തെ പരിപാലനവും ടി സി എസിനാണ്. 4ജി സേവനം ആരംഭിച്ചതിനുശേഷം അടുത്ത വർഷം ഓഗസ്റ്റോടെ 5ജി സേവനം തുടങ്ങാനാണ് ബി എസ് എൻ എൽ ലക്ഷ്യമിടുന്നത്. ഇരു സേവനങ്ങൾക്കുമുള്ള സാങ്കേതിക സംവിധാനങ്ങൾ ഒരേ സമയം തന്നെ ഒരുക്കാനാണ് പദ്ധതി. 4ജി സേവനം നൽകുന്നതിലുടെ ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തടയാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ പുതിയ പദ്ധതികൾ ബി എസ് എൻ എലിലേയ്ക്ക് കൂടുതൽ പേരെ തിരിച്ചുകൊണ്ട് വരാൻ സഹായിക്കുമെന്ന് കരുതുന്നു.
4ജി സേവനം നൽകാൻ ആഭ്യന്തര സ്ഥാപനങ്ങളിൽ നിന്നുള്ള സാങ്കേതിക സഹായം ഏർപ്പെടുത്താൽ വ്യവസ്ഥ വന്നതോടെയാണ് പദ്ധതി നീണ്ടുപോയത്. ഇതോടെ സ്വന്തം രാജ്യത്ത് നിർമിച്ച ഉപകരണങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള സേവനം നൽകുന്ന കമ്പനിയാകും ബി എസ് എൻ എൽ. ഇത് നിലവിൽ വരുന്നതോടെ ഇന്ത്യയും ഈ മേഖലയിൽ സ്വയംപര്യാപ്തതനേടും.