f

തിരുവനന്തപുരം : ആനാട് വേങ്കവിള വേട്ടമ്പള്ളി തവലോട്ടുകോണം നാല്സെന്റ് കോളനിയിൽ ജീനാ ഭവനിൽ ജോയ് ആന്റണി, ഭാര്യ സുനിതയെ (35) ചുട്ടുകൊന്ന കേസിന്റെ വിചാരണ നെടുമങ്ങാട് ആറാം അഡിഷണൽ സെഷൻസ് കോടതിയിൽ ഇന്ന് ആരംഭിക്കും. ഭർത്താവ് ജോയ് ആന്റണി(43), ജോയിയുടെ മാതാവ് ലില്ലി ഭായ് (83), സഹോദരി ജയ(44), എന്നിവരാണ് പ്രതികൾ.

2013 ഓഗസ്റ്റ് മൂന്നിനായിരുന്നു സംഭവം. ജോയി ഭാര്യ സുനിതയെ ഒഴിവാക്കി മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിനുവേണ്ടി സുനിതയെ ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. സംഭവദിവസം വൈകിട്ട് അഞ്ചിന് സുനിതയ്ക്കു വന്ന ഫോൺകാളിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മൺവെട്ടിക്കൈ കൊണ്ട് സുനിതയെ അടിച്ച് ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മൃതശരീരത്തിന്റെ ഭാഗങ്ങൾ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ വാരിയിട്ട് തെളിവ് നശിപ്പിച്ചു.

നെടുമങ്ങാട് പൊലീസാണ് പ്രതികളെ പിടികൂടിയത്. ജോയിയുടെ അമ്മയും സഹോദരിയും ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി. ജോയ് മാത്രമാണ് വിചാരണ നേരിടുന്നത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, അഡ്വ. ദീപ വിശ്വനാഥ്, അഡ്വ. മോഹിത മോഹൻ, എന്നിവർ ഹാജരാകും. നെടുമങ്ങാട് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന എസ്. സുരേഷ് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്.