
വാഷിംഗ്ടൺ : യുക്രെയിൻ അധിനിവേശത്തിനിടെ 100,000ത്തോളം റഷ്യൻ സൈനികർക്ക് ജീവൻ നഷ്ടമാവുകയോ പരിക്കേൽക്കുകയോ ചെയ്തിരിക്കാമെന്ന് യു.എസ്. യുക്രെയിന്റെ ഭാഗത്തും 100,000 സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിരിക്കാമെന്നും യു.എസ് ജോയിന്റ് ചീഫ്സ് ഒഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക്ക് മില്ലി പറഞ്ഞു. ഏകദേശം 40,000 സാധാരണക്കാർ സംഘർഷത്തിനിടെ കൊല്ലപ്പെട്ടിരിക്കാമെന്നും മില്ലി ചൂണ്ടിക്കാട്ടി. എന്നാൽ ഈ കണക്കുകൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടവയല്ല. ഇതാദ്യമായാണ് യുക്രെയിൻ അധിനിവേശത്തെ ആൾനാശം സംബന്ധിച്ച് ഒരു പശ്ചാത്യ രാജ്യം ഇത്രയും ഉയർന്ന ആളപായ നിരക്ക് കണക്കുകൂട്ടുന്നത്. സെപ്തംബറിലാണ് റഷ്യ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അവസാനമായി പുറത്തുവിട്ടത്. 5,937 സൈനികർ ഫെബ്രുവരി മുതൽ കൊല്ലപ്പെട്ടെന്നാണ് റഷ്യ അവകാശപ്പെട്ടത്. കൂടുതൽ പേർ മരിച്ചെന്ന റിപ്പോർട്ട് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്‌ഗു തള്ളിയിരുന്നു.