
തൃശൂർ: നടപ്പു സാമ്പത്തികവർഷത്തെ രണ്ടാംപാദമായ ജൂലായ്-സെപ്തംബറിൽ ധനലക്ഷ്‌മി ബാങ്ക് 15.89 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 3.66 കോടി രൂപയായിരുന്നു. 35.35 കോടി രൂപയാണ് പ്രവർത്തനലാഭം.
മൊത്തം ബിസിനസ് 18,889 കോടി രൂപയിൽ നിന്ന് 15.71 ശതമാനം ഉയർന്ന് 21,857 കോടി രൂപയായി. നിക്ഷേപം 6.96 ശതമാനം വർദ്ധിച്ച് 12,748 കോടി രൂപയും വായ്‌പകൾ 6,971 കോടി രൂപയിൽ നിന്ന് 30.67 ശതമാനം വർദ്ധിച്ച് 9,109 കോടി രൂപയുമായി. ചെറുകിട-സൂക്ഷ്‌മ വായ്പകൾ 28.03 ശതമാനവും സ്വർണവായ്പകൾ 19.31 ശതമാനവും ഉയർന്നു.
കറന്റ് അക്കൗണ്ട്-സേവിംഗ്‌സ് നിക്ഷേപവളർച്ച 8.21 ശതമാനം. മൊത്തം നിക്ഷേപത്തിൽ 34 ശതമാനവും കറന്റ്-സേവിംഗ്‌സ് നിക്ഷേപമാണ്.
കിട്ടാക്കടത്തിൽ മികച്ച ആശ്വാസം
മൊത്തം നിഷ്‌ക്രിയ ആസ്‌തി 8.67 ശതമാനത്തിൽ നിന്ന് 6.04 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി 4.92 ശതമാനത്തിൽ നിന്ന് 2.32 ശതമാനത്തിലേക്കും കുറയ്ക്കാൻ സാധിച്ചത് ധനലക്ഷ്‌മി ബാങ്കിന് വലിയനേട്ടമായി. 12.32 ശതമാനമാണ് ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം.
നടപ്പുവർഷം കറന്റ്/സേവിംഗ്‌സ് ബാങ്ക് നിക്ഷേപം, ചെറുകിട നിക്ഷേപം, സ്വർണവായ്‌പകൾ, കിട്ടാക്കടം തിരിച്ചുപിടിക്കൽ എന്നിവയ്ക്കാണ് ബാങ്ക് ഊന്നൽ നൽകുന്നത്.