
ന്യൂഡൽഹി: ചികിത്സയിൽ കഴിയുന്ന ജനതാ ദൾ (ആർ.ജെ.ഡി) നേതാവ് ലാലു പ്രസാദ് യാദവിന് മകൾ രോഹിണി ആചാര്യ വൃക്ക നല്കും. സിംഗപ്പൂരിലെ ആശുപത്രിയിൽ വച്ചായിരിക്കും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുക. 74 കാരനായ ലാലു പ്രസാദ് യാദവ് വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലാണ്. കഴിഞ്ഞ മാസമാണ് അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയത്. ഇപ്പോൾ ഡൽഹിയിലാണ് യാദവ്. കാലിത്തീറ്റ കുംഭകോണ കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്നു,ഇപ്പോൾ ജാമ്യത്തിലാണ്.
ജയിലിലായിരുന്ന സമയത്തും ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് നിരവധി തവണ ഡൽഹിയിലും റാഞ്ചിയിലുമുളള ആശുപത്രികളിൽ ലാലുവിനെ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഡോക്ടർ ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിച്ചത്. നവംബർ 20നും 24നും ഇടയിലായി ഇതിനായി സിംഗപ്പൂരിലേക്ക് പോകുമെന്നാണ് വിവരം. സിംഗപ്പൂരിലാണെങ്കിലും ബിഹാർ രാഷ്ട്രീയത്തിലും സംഭവ വികാസങ്ങളിലും ശ്രദ്ധ പുലർത്തുന്നയാളാണ് മകൾ രോഹിണി. സമൂഹ മാദ്ധ്യങ്ങളിൽ സജീവമായ ഇവർ രാഷ്ട്രീയ പ്രതികരണങ്ങളും നടത്താറുണ്ട്.