
ദുബായ്: ആധുനിക ദുബായിയുടെ ശ്രദ്ധാകേന്ദ്രമായ ഡൗൺടൗൺ ദുബായിലെ ദുബായ് മാളിലും ലുലു ഹൈപ്പർമാർക്കറ്റ് വരുന്നു. അടുത്ത ഏപ്രിലിൽ പ്രവർത്തനം തുടങ്ങും. ഇതുസംബന്ധിച്ച കരാറിൽ ലുലു ഗ്രൂപ്പും ബുർജ് ഖലീഫ, ദുബായ് മാൾ എന്നിവയുടെ ഉടമകളായ എമ്മാർ പ്രോപ്പർട്ടീസും ഒപ്പുവച്ചു.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, എമ്മാർ പ്രോപ്പർട്ടീസ് ചെയർമാൻ ജമാൽ ബിൻ താനിയയുമാണ് ഒപ്പുവച്ചത്. എമ്മാർ പ്രോപ്പർട്ടീസ് സി.ഇ.ഒ അമിത് ജെയിൻ, ലുലു ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്‌ടർ എം.എ.അഷ്‌റഫ് അലി, ഡയറക്‌ടർ എം.എ.സലിം, എമ്മാർ മാൾസ് സി.ഇ.ഒ വാസിം അൽ അറബി എന്നിവരും സംബന്ധിച്ചു.
ലോകത്തെ ഏറ്റവുംവലിയ രണ്ടാമത്തെ ഷോപ്പിംഗ് മാളായ ദുബായ് മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് തുടങ്ങുന്നതിൽ സന്തോഷമുണ്ടെന്ന് എം.എ.യൂസഫലി പറഞ്ഞു. ഗൾഫ്, ഇന്ത്യ, ഈജിപ്‌ത്, ഇൻഡോനേഷ്യ, മലേഷ്യ തുടങ്ങിയയിടങ്ങളിലായി 240ലേറെ ഹൈപ്പർമാർക്കറ്റുകളാണ് ലുലു ഗ്രൂപ്പിനുള്ളത്.