
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ മജിസ്റ്റീരിയൽ റിപ്പോർട്ട് പുറത്ത്. മധു ആൾക്കൂട്ടത്തിന്റെ ക്രൂര മർദ്ദനമേറ്റാണ് കൊല്ലപ്പെട്ടത് എന്നാണ് ഒറ്റപ്പാലം സബ്ബ്കളക്ടറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ പ്രസ്താവിക്കുന്നത്. മധുവിന്റെ മരണം കസ്റ്റഡി മർദ്ദനം മൂലമാണോ എന്ന് തിരിച്ചറിയാനാണ് മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി മധുവിനെ സംഭവസ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെയും സാക്ഷികളുടെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. മധുവിന്റെ മരണത്തിൽ ആൾക്കൂട്ട മർദ്ദനമല്ലാതെ മറ്റ് കാരണങ്ങളൊന്നും തന്നെയില്ല എന്നാണ് അന്വേഷണഫലമായ കണ്ടെത്തൽ. മനുഷ്യത്വ രഹിതമായ ആക്രമണമാണ് മധുവിന് നേരിടേണ്ടി വന്നത് എന്നാണ് നാല് പേജുള്ള അന്വേഷണ റിപ്പോർട്ടിൽ പ്രധാനമായും പ്രതിപാദിക്കുന്നത്.
മധു വധക്കേസിൽ പൊലീസ് അന്വേഷണവും രണ്ട് മജിസ്റ്റീരിയൽ അന്വേഷണങ്ങളുമുൾപ്പെടെ മൂന്ന് അന്വേഷണങ്ങളാണ് നടന്നത്. ഒറ്റപ്പാലം സബ്കളക്ടറായിരുന്ന ജെറോമിക് ജോർജാണ് ഒരന്വേഷണം പൂർത്തിയാക്കിയത്. മറ്റൊന്ന് അന്നത്തെ മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയിരുന്ന എൻ.രമേശന്റെതാണ്. ഈ രണ്ട് അന്വേഷണ റിപ്പോർട്ടുകളും കേസ് ഫയലിൽ ഉണ്ടായിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥനോ വിചാരണ തുടങ്ങുന്ന സമയത്തെ പ്രോസിക്യൂട്ടറോ ഇത് ഗൗനിച്ചില്ല. അതിനാൽ രണ്ട് മജിസ്റ്റീരിയൽ അന്വേഷണവും ഇതുവരെ കേസ് ഫയലിൽ വന്നിട്ടില്ല. മധുവിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത് ജെറോമിക് ജോർജ് ആയിരുന്നു. കേസിലെ 96-ാം സാക്ഷിയാണ് അദ്ദേഹം. സാക്ഷി വിസ്താരത്തിനിടെയാണ് മജിസ്റ്റീരിയൽ അന്വേഷണം നടത്തിയ കാര്യം ജെറോമിക് ജോർജ്ജ് പരാമർശിച്ചത്. രണ്ട് മജിസ്റ്റീരിയൽ അന്വേഷണവും മധുവിന്റേത് കസ്റ്റഡി മരണമാണോ എന്ന് കണ്ടെത്താനായിരുന്നു.