
ന്യൂഡൽഹി: വിപണിമൂല്യത്തിൽ ഒരുലക്ഷം കോടി ഡോളറിന്റെ (82 ലക്ഷം കോടി രൂപ) ഇടിവ് രേഖപ്പെടുത്തുന്ന ആദ്യ പബ്ളിക് ലിസ്‌റ്റഡ് കമ്പനിയെന്ന മോശം പട്ടം ചൂടി പ്രമുഖ അമേരിക്കൻ ഇ-കൊമേഴ്‌സ് ഭീമന്മാരായ ആമസോൺ. അടിസ്ഥാന പലിശനിരക്ക് വർദ്ധന, മോശം പ്രവർത്തനഫലം എന്നിവയെത്തുടർന്ന് നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിച്ചതാണ് ആമസോണിന് തിരിച്ചടിയായത്.
കഴിഞ്ഞ ബുധനാഴ്‌ച ഓഹരിവില 4.3 ശതമാനം ഇടിഞ്ഞ് 87,900 കോടി ഡോളറിലാണ് (72.07 ലക്ഷം കോടി രൂപ) ആമസോണിന്റെ വിപണിമൂല്യമുള്ളത്. 2021 ജൂലായിൽ വിപണിമൂല്യം 1.88 ലക്ഷം കോടി ഡോളറായിരുന്നു (154.16 ലക്ഷം കോടി രൂപ). ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്‌തി ഈവർഷം ഇതിനകം 8,300 കോടി ഡോളർ (6.80 ലക്ഷം കോടി രൂപ) ഇടിഞ്ഞ് 10,900 കോടി ഡോളറുമായിട്ടുണ്ട് (8.93 ലക്ഷം കോടി രൂപ).