kk

അഡ്‌ലെയ്ഡ് : സെമിയിൽ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് ദയനീയ പരാജയം ഏറ്റുവാങ്ങി ഇന്ത്യ ടി20 ലോകകപ്പിൽ നിന്ന് ഇന്ന് പുറത്തായി. അഡ്ലെയ്ഡ് ഓവലിൽ ടോസ് നഷ്ടപ്പെട്ടതോടെ തുടങ്ങിയതായിരുന്നു ഇന്ത്യയുടെ ഭാഗ്യക്കേട്, നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് ഇന്ത്യ നേടിയത്. രോഹിത് ഉൾപ്പെടെയുള്ളവർ നിരാശപ്പെടുത്തിയപ്പോൾ വിരാട് കോഹ്‌ലി ( 50), ഹാർദ്ദിക് പാണ്ഡ്യ ( 33 പന്തിൽ 63) എന്നിവരുടെ ഇന്നിംഗ്സാണ് സാമാന്യം ഭേദപ്പെട്ട സ്കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 16 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യം നേടി. അലക്സ് ഹെയ്ൽസ് (86), ജോസ് ബട്ലർ (80) ഓപ്പണിംഗ് സഖ്യമാണ് ഇംഗ്ലണ്ടിന് മികച്ച വിജയം സമ്മാനിച്ചത്.

സെമിയിൽ പുറത്തായതിന് പിന്നാലെ തോൽവിയുടെ കാരണം വ്യക്തമാക്കുകയാണ് ക്യാപ്ടൻ രോഹിത് ശർമ്മ. ബൗളർമാർക്ക് അവസരത്തിനൊത്ത് ഉയരാൻ കഴിയാത്തതാണ് പരാജയത്തിലേക്ക് നയിച്ചതെന്ന് രോഹിത് പറയുന്നു.

ടീം നന്നായി ബാറ്റ് ചെയ്ത് മികച്ച് സ്കോർ നേടി. എന്നാൽ ബൗള‌ർമാർക്ക് അവസരത്തിനൊത്ത് ഉയരാൻ സാധിച്ചില്ല. ടീമിലുള്ള എല്ലാവർക്കും സമ്മർദ്ദം അതിജീവിക്കാൻ അറിയാം. മത്സര മത്സരപരിചയമുള്ള താരങ്ങളാണവർ. എന്നാൽ ബൗളർമാർ തുടക്കം മുതൽ പതറിപ്പോയി. അതിന്റെ ക്രെഡിറ്റ് ഇംഗ്ലണ്ട് ഓപ്പണർമാർക്കൂ കൂടി അവകാശപ്പെട്ടതാണ്. അവർ നന്നായി കളിച്ചു. ആദ്യ ഓവർ മുതൽ സ്വിംഗ് ലഭിച്ചു. എന്നാൽ അത് മുതലാക്കാൻ ബൗളർമാർക്ക് സാധിച്ചില്ലെന്നും രോഹിത് കൂട്ടിച്ചേർത്തു.

ഞായഴാഴ്ച നടക്കുന്ന ഫൈനലിൽ പാകിസ്ഥാനെയാണ് ഇംഗ്ലണ്ട് നേരിടുക.