
കോയമ്പത്തൂർ: ഉക്കടം കാർ ബോംബ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് പാലക്കാടും എൻ.ഐ.എ റെയ്ഡ്. കൊല്ലങ്കോട് മുതലമട ചപ്പക്കാടാണ് എൻ.ഐ.എ സംഘം ഇന്നലെ പരിശോധന നടത്തിയത്.
മുതലമടയിൽ താമസിക്കുന്ന കോയമ്പത്തൂർ സ്വദേശി ഷെയ്ക്ക് മുസ്തഫയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം, ഡിജിറ്റൽ ഉപകരണങ്ങളും ഡോക്യുമെന്റുകളും പിടിച്ചെടുത്തു. ഐസിസ് ബന്ധത്തെ തുടർന്ന് അറസ്റ്റിലായ റിയാസ് അബൂബക്കറിന്റെ ബന്ധുവാണ് മുസ്തഫ. കാർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ഇന്നലെ വ്യാപകമായി എൻ.ഐ.എ റെയ്ഡ് നടത്തി. കോയമ്പത്തൂരടക്കം 45 സ്ഥലങ്ങളിലാണ് റെയ്ഡ് .
കാർ ബോംബ് സ്‌ഫോടനത്തിൽ മരിച്ച ജമേഷ മുബീന്റെ കൂട്ടാളികളിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലും നേരത്തേ ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നവരുടെ വീടുകളിലുമാണ് പരിശോധന നടത്തിയത്. ഐസിസ് അനുകൂലികൾ എന്ന് സംശയിക്കുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. ചെന്നൈയിൽ നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു. സ്‌ഫോടനത്തിൽ മരിച്ച ജമേഷ മുബീന് കാർ വിറ്റയാളാണ് ഇതെന്നാണ് സൂചന. ഉടമസ്ഥത കൈമാറാതെ 10 പേരുടെ കൈമറിഞ്ഞാണ് സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ ജമേഷ മുബീന്റെ പക്കൽ എത്തിയതെന്ന് അന്വേഷണത്തിൽ വെളിവായിരുന്നു. സ്‌ഫോടകവസ്തുക്കളുടെ അസംസ്‌കൃത പദാർത്ഥങ്ങൾ സംഘടിപ്പിച്ചതിൽ പങ്കുണ്ടെന്ന് കരുതുന്നവരുടേയും സംഘത്തിന് സാമ്പത്തിക സഹായം നൽകിയതായി സംശയിക്കുന്നവരുടേയും വീടുകളിൽ പരിശോധന നടന്നു.