indian-team-

തിരുവനന്തപുരം: ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ളണ്ടിനോട് പത്ത് വിക്കറ്റിന്റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങി ഫൈനലിൽ നിന്നും ഇന്ത്യൻ ടീം പുറത്തായതിൽ വിമർശനമറിയിച്ച് മന്ത്രി വി ശിവൻകുട്ടി. തോൽവിയ്ക്ക് പിന്നിലെ ഉത്തരവാദിത്വം ബിസിസിഐയ്ക്കും സെലക്ടർമാർക്കുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സെലക്ടർമാരുടെ പക്ഷപാതിത്വവും ക്വാട്ട കളിയും കാരണമാണ് ലോകകപ്പ് നഷ്ടമായത്. മികച്ച ഫോമിലുള്ള മലയാളി താരം സഞ്ജുവിനെ തഴഞ്ഞാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ സ്ഥാനത്തേയ്ക് ദിനേശ് കാർത്തിക്കിനെയും റിഷഭ് പന്തിനെയും തിരഞ്ഞെടുത്തത് എന്നാൽ അവർക്ക് ടീമിന് വേണ്ടി രണ്ടക്കം കടക്കാൻ സാധിച്ചില്ല എന്നും ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

ഫോമിലല്ലാത്ത റിഷഭ് പന്തിനെ തുടർന്നുള്ള മത്സരങ്ങളിലേയ്ക്ക് പരിഗണിച്ചതും മന്ത്രി വിമർശിച്ചു. കായിക മത്സരങ്ങളിൽ തന്റെ അഭിപ്രായം സോഷ്യൽ മീഡിയ വഴി മന്ത്രി ശിവൻകുട്ടി പങ്കു വെയ്ക്കാറുള്ളതാണ്. ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായും ഇത്തരം പോസ്റ്റുകൾ അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്

ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റു പുറത്തായത് ദൗർഭാഗ്യകരമാണ്. അതിൽ വേദനയുണ്ട്. ഈ തോൽവിക്ക് കാരണം ബിസിസിഐയും സെലക്ടർമാരുമാണ്. വിക്കറ്റ് കീപ്പർ/ ബാറ്ററായി ലോകകപ്പ് ടീമിൽ ഇടം പിടിച്ചത് ഋഷഭ് പന്തും ദിനേശ് കാർത്തിക്കുമാണ്. ഇരുവരുടെയും ലോകകപ്പിലെ പ്രകടനം ഒന്ന് പരിശോധിച്ചു നോക്കുക. ഒരു കളിയിൽ പോലും രണ്ടക്കം കടക്കാൻ ഇരുവർക്കും ആയിട്ടില്ല.

മികച്ച പവർ ഹിറ്ററായ, ഫോമിലുള്ള, മികച്ച ശരാശരിയുള്ള സഞ്ജു സാംസണെ തഴഞ്ഞാണ് ഇരുവരെയും ടീമിൽ എടുത്തത്. ഇത് തികഞ്ഞ അനീതി ആണെന്ന് ഞാൻ ആ ഘട്ടത്തിൽ തന്നെ വ്യക്തമാക്കിയത്. മറ്റൊരു ഉദാഹരണം നോക്കുക. വരാൻ പോകുന്ന ന്യൂസിലൻഡ് പരമ്പരയിൽ ഏകദിനത്തിലും ടി20യിലും വൈസ് ക്യാപ്റ്റൻ ആയിട്ടാണ് ഋഷഭ് പന്തിനെ നിയോഗിച്ചിട്ടുള്ളത്.

അതായത് എങ്ങിനെ ഫോം ഔട്ട്‌ ആണെങ്കിലും ടീമിൽ നിലനിർത്തുക എന്നതാണ് അജണ്ട. സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നതാകട്ടെ ബാറ്ററായി മാത്രം. വെറൊന്ന് കൂടി. ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിലും ഋഷഭ് പന്ത്‌ ഉണ്ട്, സഞ്ജു ഇല്ല താനും. ബിസിസിഐ എന്ന് ഈ ക്വാട്ട കളി നിർത്തും? ഉറപ്പായിരുന്ന ലോകകപ്പ് കിരീടം തട്ടിത്തെറിപ്പിച്ചത് പക്ഷപാതിത്വം മൂലമാണെന്ന് ഞാൻ ഉറക്കെ തന്നെ വിളിച്ചു പറയും.