
ദോഹ: കഴിഞ്ഞ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ബെൽജിയവും ഖത്തർ ലോകകപ്പിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ചു. വെറ്ററൻ താരങ്ങളായ താരങ്ങളായ റൊമേലു ലുക്കാക്കുവും ഏദൻ ഹസാർഡും പരിശീലകൻ റോബർട്ടോ മാർട്ടിനെസ് പ്രഖ്യാപിച്ച ടീമിൽ സ്ഥാനം നേടി. എന്നാൽ ഡിവോക് ഒറിഗി ടീമിൽ നിന്ന് പുറത്തായി.
പരിക്കുമൂലം ഈ സീസണിൽ കാര്യമായി കളിക്കാൻ കഴിയാതിരുന്ന ലുക്കാക്കു ഇന്റർ മിലാന് വേണ്ടി രണ്ട് മത്സരങ്ങളിൽ മാത്രമാണ് ബൂട്ടണിഞ്ഞത്. ഫിറ്റ്‌നസ് തെളിയിക്കാത്ത ഹസാർഡ് ആകട്ടെ റയൽ മാഡ്രിഡിൽ പലപ്പോഴും സൈഡ് ബെഞ്ചിലാണ്. എന്നാൽ ഇരുവരിലും വലിയ പ്രതീക്ഷയാണ് കോച്ച് മാർട്ടിനെസിനുള്ളത്.
സൂപ്പർ താരം കെവിൻ ഡിബ്രുയിന്റെ ഫോമിലാണ് ബെൽജിയത്തിന്റെ പ്രതീക്ഷ. തിബൗ കുർട്വോയുടെ ചോരാത്ത കൈകൾ ഗോൾവലയ്ക്ക് ശക്തിപകരും. മധ്യനിരയും മുന്നേറ്റനിരയുമാണ് ബെൽജിയത്തിന്റെ ശക്തി.
മധ്യനിരയിൽ ഡിബ്രുയിനെയ്‌ക്കൊപ്പം യൂറി ടിയെലെമൻസ്, അക്‌സൽ വിറ്റ്‌സൽ, തോർഗന്‍ ഹസാർഡ്, തിമോത്തി കസാഗ്നെ, തോമസ് മുനിയർ തുടങ്ങിയവർ അണിനിരക്കും. മുന്നേറ്റനിരയിൽ പുതിയ താരോദയം ലിയാൻഡ്രോ ട്രൊസാർഡും മിച്ചി ബാറ്റ്ഷുവായിയും ഹസാർഡും ലുക്കാക്കുവുമെല്ലാം അണിനിരക്കുന്നതോടെ ബെൽജിയം ശക്തമാകും. പ്രതിരോധത്തിൽ പരിചയസമ്പന്നരായ യാൻ വെർട്ടോംഗനും ടോബി ആൽഡെർവെയ്‌റെൾഡും അണിനിരക്കും. ഗ്രൂപ്പ് എഫിലാണ് ബെൽജിയം മത്സരിക്കുന്നത്. കാനഡ, മൊറോക്കോ, ക്രൊയേഷ്യ എന്നീ ടീമുകളാണ് ഗ്രൂപ്പ് എഫിൽ ബെൽജിയത്തിന് എതിരാളികൾ. ലോകകപ്പിലെ ആദ്യ മത്സരത്തിൽ നവംബർ 24-ന് കാനഡയെ നേരിടും.
ബെൽജിയം സ്ക്വാഡ്
ഗോൾകീപ്പർമാർ: തിബോ കുർട്വോ, സിമോൺ മിഗ്നോലെറ്റ്, കാസ്റ്റീൽസ്
ഡിഫൻഡർമാർ: യാൻ വെർട്ടോംഗൻ, ടോബി ആൽഡെർവെയ്‌റെൾഡ്, ലിയാൻഡർ ഡെൻഡോർകർ, സെനോ ഡെബാസ്റ്റ്, ആർതർ തിയാറ്റി, വൂട്ട് ഫായിസ്.
മിഡ് ഫീൽഡേഴ്സ്: ഹാൻസ് വനകെൻ, അക്‌സൽ വിറ്റ്‌സൽ, യൂറി ടിയെലിമാൻസ്, അമദൗ ഒനാന, കെവിൻ ഡിബ്രുയിൻ, യാന്നിക്ക് കറാസോ, തോർഗന്‍ ഹസാർഡ്, തിമോത്തി കസാഗ്നെ, തോമസ് മുനിയർ.
ഫോർവേഡുകൾ: റൊമേലു ലുക്കാക്കു, മിച്ചി ബാറ്റ്ഷുവായി, ലൂയിസ് ഒപെൻഡ, ചാൾസ് ഡി കെറ്റെലെറെ, ഏദൻ ഹസാര്‍ഡ്, ജെറെമി ഡോക്കു, ഡ്രൈസ് മെർട്ടെൻസ്, ലിയാൻഡ്രോ ട്രൊസാർഡ്