
ഒരു ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ഗാനം ഇറങ്ങി കുറച്ച് നേരത്തിന് ഉള്ളിൽ തന്നെ ജനശ്രദ്ധ നേടുകയും ചെയ്തു. 'ഇക്കരെ... വെെരക്കൽ പെണ്ണൊരുത്തി' എന്നാരംഭിക്കുന്ന കല്യാണപാട്ടിന്റെ ലിറിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വിനായക് ശശികുമാർ എഴുതിയ ഗാനത്തിന് നിശാന്ത് രാംതെകെയാണ് ഈണമൊരുക്കിയത്. സയനോര ഫിലിപ്പും രശ്മി സതീഷും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ ഗാനത്തിന് നൽകുന്നത്.
ഭാവന,ഷറഫുദ്ദീൻ,അശോകൻ,അനാർക്കലി നാസർ,ഷെബിൻ ബെൻസൺ, അഫ്സാന ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിൽ മുഖ്യവേഷങ്ങൾ കെെകാര്യം ചെയ്യുന്നത്.ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ആദിൽ മെെമൂനത്ത് അഷറഫാണ്. ബോൺഹോമി എന്റെര്‍ടൈന്‍മെന്റ്‌സിന്റെ ബാനറിൽ ലണ്ടൻ ടാക്കീസുമായി ചേർന്ന് റെനീഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിംഗും നിർവഹിക്കുന്നത്.