
ബെർലിൻ: 17 കാരനായ സ്ട്രൈക്കർ യൂസഫ് മൗക്കോക്കോയടക്കം യുവനിരയുമായി ജർമ്മനി ലോകകപ്പിനുള്ള 26 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ മാർകോ റ്യൂസും ടിമോ വെർണറും നേരത്തേ പുറത്തായിരുന്നു. യുവതാരങ്ങളടങ്ങിയ ശക്തമായ മുന്നേറ്റനിരയാണ് ടീമിന്റെ കരുത്ത്. ബയേൺ മ്യൂണിക്ക് താരങ്ങളായ ലിറോയ് സാനെ, തോമസ് മുള്ളർ, ജമാൽ മുസിയാല, ജോഷ്വ കിമ്മിഷ്, സെർജിയോ ഗ്നാബ്രി എന്നിവരുണ്ട്. ഡോർട്ട്മുണ്ടിന്റെ കരീം അഡയമിയും ജൂലിയൻ ബ്രണ്ടും ടീമിലിടം നേടി. ചെൽസിയുടെ കായ് ഹവേർട്‌സും ഡോർട്ട്മുണ്ട് താരം യുസൗഫോ മൗക്കോക്കോയും സ്‌ക്വാഡിലുണ്ട്. 2017-മുതൽ ജർമന്‍ ടീമിൽ കളിക്കാതിരുന്ന മരിയോ ഗോട്‌സെ ടീമിൽ തിരിച്ചെത്തി. 2014-ലോകകപ്പ് ഫൈനലിൽ ഗോൾ നേടിയ താരമാണ് മരിയോ ഗോട്‌സെ. പ്രതിരോധത്തിൽ ഡോർട്ട്മുണ്ടിന്റെ നിക്ലാസ് സ്യൂൾ, നിക്കോ ഷ്‌ലോട്ടർബെക്ക്, റയൽ മാഡ്രിഡിന്റെ അന്റോണിയോ റുഡിഗർ എന്നിവരുണ്ട്. ഗോൾകീപ്പർമാരായി മാനുവൽ ന്യൂയർ, മാർക് ആന്ദ്രെ ടെർ സ്റ്റെഗൻ, കെവിൻ ട്രാപ്പ് എന്നിവരും ഇടം നേടി. 2014- ലോകകപ്പിലെ ചാമ്പ്യന്മാരായ ജർമനി 2018-ലോകകപ്പിൽ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായിരുന്നു. ഇത്തവണ യുവനിരയെ കളത്തിലിറക്കി മികച്ച പോരാട്ടത്തിനാണ് പരിശീലകൻ ഹാൻസി ഫ്‌ളിക്ക് ഒരുങ്ങുന്നത്. ഇത്തവണ ഗ്രൂപ്പ് ഇ യിൽ സ്‌പെയിൻ, കോസ്റ്റാറിക്ക, ജപ്പാൻ എന്നിവരോടൊപ്പമാണ് ജർമനിയുളളത്. ജപ്പാനുമായിട്ടാണ് ആദ്യ മത്സരം.