
വാഷിംഗ്ടൺ: യു.എസ് മിഡ്ടേം തിരഞ്ഞെടുപ്പിൽ ജനപ്രതിനിധിസഭയിലും സെനറ്റിലും പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിയും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. 100 അംഗ സെനറ്റിലെ 35 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇതുവരെ ഡെമോക്രാറ്റുകൾക്ക് 12 സീറ്റും റിപ്പബ്ലിക്കൻമാർക്ക് 20 സീറ്റും ലഭിച്ചു. ഫലം പൂർണമായിട്ടില്ലെങ്കിലും അലാസ്ക സീറ്റ് കൂടി ഉൾപ്പെടുത്തിയാണ് റിപ്പബ്ലിക്കൻമാർ 20 സീറ്റിലെത്തിയിരിക്കുന്നത്. അലാസ്കയിൽ മുന്നിലുള്ള രണ്ട് സ്ഥാനാർത്ഥികളും റിപ്പബ്ലിക്കൻമാർ ആയതിനാലാണ് ഇത്.
ഇതോടെ സെനറ്റിൽ ഇരുകൂട്ടരുടെയും ആകെ അംഗബലം 48 ( ഡെമോക്രാറ്റിക് പാർട്ടി ) - 49 ( റിപ്പബ്ലിക്കൻ പാർട്ടി ) എന്ന നിലയിലാണ്. അരിസോണ,നെവാഡ,ജോർജിയ സീറ്റുകളുടെ ഫലത്തെ ആശ്രയിച്ചാകും സെനറ്റ് ഇനി ആര് നിയന്ത്രിക്കുമെന്ന് തീരുമാനിക്കുക. നെവാഡയിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്കും അരിസോണയിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിക്കുമാണ് ലീഡ്.
അതേ സമയം, ജോർജിയയിൽ ഇരു സ്ഥാനാർത്ഥികൾക്കും ജയിക്കാൻ വേണ്ട 50% വോട്ട് ലഭിക്കാതെ വന്നതോടെ ഡിസംബർ 6ന് വീണ്ടും തിരഞ്ഞെടുപ്പ് നടക്കും. ജോർജിയയിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി റാഫേൽ വെർനോക്കിന് 49.4 %, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഹെർഷെൽ വാക്കറിന് 48.5 % വീതം വോട്ടാണ് ലഭിച്ചത്.
51 സീറ്റുകളാണ് സെനറ്റിൽ ഭൂരിപക്ഷത്തിന് വേണ്ടത്. ഇരു പാർട്ടികളും സമനിലയിൽ കലാശിച്ചാൽ ( 50 - 50 ) വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് ടൈ - ബ്രേക്കിംഗ് വോട്ട് ഉപയോഗിക്കാമെന്നതിനാൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം സ്വന്തമാകും. മുമ്പുണ്ടായിരുന്ന സെനറ്റിൽ ഇങ്ങനെയാണ് ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നിലനിറുത്തിയത്.
ഭൂരിപക്ഷത്തിലെത്താതെ ഇരുകൂട്ടരും
ജനപ്രതിനിധിസഭയിൽ റിപ്പബ്ലിക്കൻമാർ മുന്നിലാണെങ്കിലും ഭൂരിപക്ഷം ഉറപ്പിക്കാനായിട്ടില്ല. ഇതുവരെ 209 സീറ്റുകൾ ഉറപ്പിച്ച റിപ്പബ്ലിക്കൻമാർക്ക് ഭൂരിപക്ഷമായ 218 മറികടക്കാനായാൽ സഭയുടെ നിയന്ത്രണം പിടിച്ചെടുക്കാം. ഡെമോക്രാറ്റുകൾക്ക് ഇതുവരെ 191 സീറ്റുകളാണ് ലഭിച്ചത്.
നാല് ഗവർണർ സീറ്റുകളുടെ ഫലം കൂടി ഇനി പുറത്തുവരേണ്ടതുണ്ട്. 36 ഗവർണർ സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ 16 - 16 എന്ന നിലയിലാണ് ഇരുപാർട്ടികളും. രണ്ട് സീറ്റുകളിൽ വീതം ഇരു പാർട്ടികളും ലീഡ് ചെയ്യുന്നു.
അതേ സമയം, തിരഞ്ഞെടുപ്പ് ഫലങ്ങളെ പ്രസിഡന്റ് ജോ ബൈഡൻ സ്വാഗതം ചെയ്തു. ജനാധിപത്യത്തിലെ ശുഭദിനം എന്ന് തിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ച ബൈഡൻ ഡെമോക്രാറ്റുകൾക്ക് സഭ നിലനിറുത്താൻ ഇനിയും സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. പ്രവചിക്കപ്പെട്ട പോലെ റിപ്പബ്ലിക്കൻ തരംഗമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.എസ് മിഡ്ടേം തിരഞ്ഞെടുപ്പ്: ജനപ്രതിനിധിസഭയിൽ അഞ്ച് ഇന്ത്യൻ വംശജർ
വാഷിംഗ്ടൺ: യു.എസ് മിഡ്ടേം തിരഞ്ഞെടുപ്പിലൂടെ ജനപ്രതിനിധിസഭയിലേക്കെത്തുക അഞ്ച് ഇന്ത്യൻ വംശജർ. ഇതാദ്യമായാണ് ഇത്രയും കൂടുതൽ ഇന്ത്യൻ വംശജർ ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കാലിഫോർണിയയിലെ 6-ാം കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ ആമി ബേരയുടെ ജയം ഉറപ്പിച്ചതോടെയാണ് ഇന്ത്യൻ വംശജരായ സഭാ അംഗങ്ങൾ അഞ്ചായത്. റോ ഖന്ന, രാജാ കൃഷ്ണമൂർത്തി , പ്രമീള ജയപാൽ, ശ്രീ തനേദാർ എന്നിവർ ബുധനാഴ്ച വിജയിച്ചിരുന്നു. ഇവർ അഞ്ച് പേരും ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളാണ്. ശ്രീ തനേദാർ ഒഴികെയുള്ള നാല് പേരും കഴിഞ്ഞ ജനപ്രതിനിധിസഭയിൽ അംഗങ്ങളായിരുന്നു. അതേ സമയം, ഇലിനോയി സംസ്ഥാന അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി ഇന്ത്യൻ വംശജ നബീല സയീദിനെ ( 23 ) തിരഞ്ഞെടുത്തു. ഡെമോക്രാറ്റിക് ടിക്കറ്റിലായിരുന്നു നബീലയുടെ മത്സരം.