
ജോലിഭാരവും തിരക്കും ടെൻഷനുമൊക്കെ തലവേദനയുടെ കാരണങ്ങളാണ്. ലളിതമായ മാർഗങ്ങളിലൂടെ ടെൻഷൻ കാരണമുള്ള തലവേദനയെ നേരിടാം. സ്ഥിരമായി വ്യായാമം ചെയ്യുന്നത് തലവേദനയെ പ്രതിരോധിക്കാൻ സഹായകമാണ്. ഓഫീസ് ജോലിയ്‌ക്കിടയിലാണ് തലവേദന വരുന്നതെങ്കിൽ ഒന്ന് പുറത്തിറങ്ങി കാറ്റുകൊണ്ട് ശുദ്ധവായു ശ്വസിക്കൂ. ആശ്വാസം ലഭിക്കും.
തലവേദന വരുമ്പോൾ തോളുകൾ അയച്ചിട്ട് നോക്കൂ, വേദന ശമിക്കും. വെളിച്ചം കുറഞ്ഞ മുറിയിൽ സുഖമായി മയങ്ങുന്നതും ഉറങ്ങുന്നതും തലവേദന അകറ്റാൻ സഹായകമാണ്. ധ്യാനം, യോഗ എന്നിവ ശീലമാക്കുന്നവർക്ക് സമ്മർദ്ദം അകറ്റി തലവേദനയെ പ്രതിരോധിക്കാം.
ശ്രദ്ധിക്കുക, ടെൻഷൻ കാരണമുള്ള തലവേദനയെ പ്രതിരോധിക്കാനുള്ള ഉപാധികളാണ് മേൽപ്പറഞ്ഞത്. സ്ഥിരമായി വരുന്ന തലവേദന , ശരീരം കുഴയുന്ന തരത്തിൽ അതികഠിനമായ തലവേദന, ദീർഘനേരം നീണ്ടുനില്ക്കുന്ന തലവേദന എന്നിവയെല്ലാം വൈദ്യസഹായം തേടേണ്ട സാഹചര്യങ്ങളാണ്.