
തിരുവനന്തപുരം: കമലേശ്വരത്ത് യുവാവിനെ അക്രമി സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. പൂന്തുറ മാണിക്യവിളാകം സ്വദേശി അഫ്സലിനാണ് വെട്ടേറ്റത്. സംഭവസ്ഥലത്ത് നിന്നുള്ള അക്രമദൃശ്യങ്ങളടങ്ങുന്ന സിസിടിവി വീഡിയോ പുറത്ത് വന്നു. ഇന്നലെ വൈകുന്നേരം കമലേശ്വരം ഹയർസെക്കന്ററി സ്കൂളിന് സമീപം വെച്ചാണ് അഫ്സലിന് നേരെ ആക്രമണമുണ്ടായത്. അഫ്സലിനെ ഇവർ തടഞ്ഞ് കാലിൽ വെട്ടിപ്പരിക്കേൽപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ബൈക്കിൽ പൊലീസുകാർ സ്കൂൾ പരിസരത്തേയ്ക്ക് വരുന്നത് കണ്ട് അക്രമസംഘം ഓടി രക്ഷപ്പെടുകയായിരുന്നു. അഫ്സലിന്റെ കാലിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ ഫോർട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാക്ക് തർക്കവുമായി ബന്ധപ്പെട്ട ശത്രുതയാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. കേസിലെ മുഖ്യപ്രതി കരിമഠം സ്വദേശിയായ അശ്വനാണ്. കഴിഞ്ഞ ദിവസം ഇയാളുടെ സഹോദരൻ സഞ്ചരിച്ചിരുന്ന ബൈക്ക് സ്കൂളിന് സമീപം വെച്ച് അപകടത്തിൽപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഫ്സലിന്റെ സുഹൃത്തുക്കളുമായി വാക്ക് തർക്കം ഉടലെടുത്തിരുന്നു. ഇതിനെ തുടർന്നാണ് അഫ്സലിന് വെട്ടേറ്റത് എന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ ഉൾപ്പെട്ട സൂര്യ, സുധീഷ് എന്നീ രണ്ട് പ്രതികൾ പൊലീസ് പിടിയിലായിട്ടുണ്ട്. ഇനി പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികൾ ഉൾപ്പെട് ആറ് പേരെ പിടികൂടാനുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്.