
ന്യൂഡൽഹി: ആധാർ നിയമങ്ങളിൽ പുതിയ ഭേദഗതിയുമായി കേന്ദ്ര സർക്കാർ. പത്ത് വർഷം കൂടുന്ന വേളയിൽ അനുബന്ധ വിവരങ്ങൾ പുതുക്കി നൽകണമെന്നാണ് പുതിയ മാർഗനിർദേശം. തിരിച്ചറിയൽ മേൽവിലാസ രേഖകളും ഫോൺ നമ്പറുകളും ഇതിൻ പ്രകാരം പുതുക്കി നൽകണം. ഈ രേഖകളിൽ വ്യത്യാസം വന്നിട്ടില്ലെങ്കിൽ പോലും നടപടിക്രമം പൂർത്തിയാക്കണമെന്നാണ് നിർദേശം. ആധാർ വഴിയുള്ള തട്ടിപ്പുകൾ ദേശവ്യാപകമായി വർധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.
വിരലടയാളം, ഫോട്ടോഗ്രാഫുകൾ, ഐറിസ് എന്നീ രേഖകൾ രജിസ്ട്രേഷന്റെ സമയത്ത് നൽകുന്ന ആധാർ വ്യക്തികളുടെ തിരിച്ചറിയൽ രേഖയായി ആണ് രാജ്യമൊട്ടാകെ കണക്കാക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പല സേവനങ്ങൾക്കും ആധാർ വലിയ തോതിൽ ഉപയോഗത്തിലുണ്ട്. സെൻട്രൽ ഐഡന്‍റിറ്റീസ് ഡാറ്റ റിപ്പോസിറ്ററിയിലെ വിവരങ്ങൾക്ക് കാലോചിതമായി കൃത്യത ഉറപ്പ് വരുത്തുന്നതിനാണ് പുതിയ ഭേദഗതി കൊണ്ട് വന്നതെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഓൺലൈൻ മുഖാന്തരം നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാർ വിവരങ്ങൾ പുതുക്കാവുന്നതാണ്. നേരത്തെ ആധാർ അനുവദിക്കുന്ന ഏജൻസിയായ യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തിഗത വിവരങ്ങൾ പുതുക്കി നൽകണമെന്ന് നിർദേശം പുറപ്പെടുവിച്ചിരുന്നെങ്കിലും നിർബന്ധമാക്കിയിരുന്നില്ല.