eldose-kunnapilly

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ജാമ്യം പിൻവലിക്കണമെന്ന ആവശ്യവുമായി പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. എൽദോസിന് ജാമ്യമനുവദിച്ച് കൊണ്ടുള്ള തിരുവനന്തപുരം അഡീഷണൽ സെഷൻ കോടതിയുടെ വിധി റദ്ദ് ചെയ്യാനായി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. കോടതിയിൽ നൽകിയ രഹസ്യ മൊഴിയിൽ ബലാത്സംഗം സംബന്ധിച്ച് വിശദമായ മൊഴി പ്രസ്താവം നൽകിയിട്ടും കുറ്റാരോപിതന് ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി ഉത്തരവ് നിയമപരമല്ലെന്നും പിൻവലിക്കണമെന്നുമാണ് ഹർജിയിൽ പറയുന്നത്.

മുൻകൂർ ജാമ്യം പിൻവലിക്കണമെന്ന സർക്കാറിന്റെ ആവശ്യം മാദ്ധ്യമ സമ്മർദ്ദം മുൻ നിർത്തിയാണെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്ന നിലപാടാണ് താൻ സ്വീകരിച്ചതെന്നും മറുപടി സത്യവാങ് മൂലത്തിൽ എംഎൽഎ ചൂണ്ടിക്കാട്ടി. പരാതിക്കാരി നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് വേണമെന്ന എൽദോസിന്റെ ആവശ്യത്തെ ഹൈക്കോടതി നിരാകരിച്ചിരുന്നു. ഇതിനെതിരെ സർക്കാരും രംഗത്തെത്തിയിരുന്നു. എന്നാൽ കോടതി ഓഫീസറുടെ സാന്നിദ്ധ്യത്തിൽ മൊഴി പരിശോധിക്കാൻ എൽദോസ് കുന്നപ്പിള്ളിയ്ക്ക് ഹൈക്കോടതി അനുമതി നൽകി.

അതേ സമയം പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ദിവസവും അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകണമെന്നു ഹൈക്കോടതി നേരത്തെ നിർദേശം പുറപ്പെടുവിച്ചിരുന്നു. . അന്വേഷണവുമായി പ്രതി സഹകരിക്കണമെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് നിർദേശിച്ചു. എൽദോസിനു തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സർക്കാർ നൽകിയ ഹർജി പരിശോധിച്ചായിരുന്നു ഹൈക്കോടതി നടപടി.