ldr

കൊച്ചി: കുഞ്ഞുങ്ങളെ തൊട്ടിലാട്ടാൻ രക്ഷിതാക്കൾക്ക് പണിപ്പെടേണ്ടി വരാറുണ്ട്. എന്നാൽ ഇനി ആ ബുദ്ധിമുട്ട് വേണ്ട. സോളാർ വൈദ്യുതിയിലൂടെ താനേ ആടുന്ന തൊട്ടിലെന്ന പുതുപുത്തൻ കണ്ടുപിടിത്തവുമായാണ് തിരുവനന്തപുരം ഞെക്കാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളായ ആലിഫ് മുഹമ്മദും രോഹിതും ശാസ്‌ത്രോത്സവത്തിനെത്തിയത്. പുരപ്പുറ സൗരോർജത്തിനൊപ്പം പ്രത്യേക സെൻസർ സംവിധാനത്തിലൂടെ ദീർഘനേരം ഇത് തുടരാനാകും.

ഈ കണ്ടുപിടിത്തത്തിലൊതുങ്ങുന്നതല്ല ഇരുവരുടെയും മികവ്. നിലവിലെ സോളാർ പാനലുകളെല്ലാം ഒരേ ദിശയിൽ ഉറപ്പിച്ചവയാണ്. എന്നാൽ ഇവർ തയാറാക്കിയ സോളാർ ട്രാക്കറിലെ എൽ.ഡി.ആർ സെൻസർ സൂര്യപ്രകാശം ഏത് ദിശയിലേയ്ക്ക് തിരിയുന്നോ ആ ദിശയിലേയ്ക്ക് സോളാർ പാനലിനെ തിരിക്കും. അങ്ങനെ സൂര്യപ്രകാശം ഉള്ളപ്പോഴെല്ലാം ഊർജോത്പാദനം നടക്കും.

ഇലക്ട്രിക് കാറുകൾ സൗരോർജമുപയോഗിച്ച് ചാർജ് ചെയ്യാൻ ചാർജിംഗ് സ്‌റ്റേഷനുകളിൽ പോകാതെ കാറിനു മുകളിൽ സോളാർ പാനൽ സ്ഥാപിച്ച് ചാർജ് ചെയ്യാനുള്ള വിദ്യയും ഇവർ പരിചയപ്പെടുത്തുന്നു.