seal

അസ്താന : കസഖ്സ്ഥാനിൽ കാസ്പിയൻ കടൽ തീരത്ത് വംശനാശ ഭീഷണി നരിടുന്ന 131 സീലുകൾ ചത്ത് കരയ്ക്കടിഞ്ഞു. സീലുകളുടെ മരണ കാരണം കണ്ടെത്താൻ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ പരിശോധനകൾ ആരംഭിച്ചു. പ്രദേശത്തെ മണ്ണ്,​ ജലം എന്നിവയുടെ സാമ്പിളുകളും ശേഖരിച്ചു.

ലോകത്തെ ഏറ്റവും വലിയ തടാകമായ കാസ്പിയൻ കടലിൽ മാത്രം കണ്ടുവരുന്ന കാസ്പിയൻ സീലുകളാണ് ജീവനറ്റ് കരയ്ക്കടിഞ്ഞത്. 2020 നവംബറിലാണ് ഇവയെ കസഖ്സ്ഥാൻ ഭരണകൂടം വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിൽ ചേർത്തത്.

റഷ്യ, കസഖ്സ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ, അസർബൈജാൻ, ഇറാൻ എന്നീ അഞ്ച് രാജ്യങ്ങളാൽ ചുറ്റപ്പെട്ട കാസ്പിയൻ കടലിലെ സീലുകളുടെ എണ്ണം വേട്ടയാടൽ മൂലം കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഗണ്യമായി കുറയുകയാണ്. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പത്ത് ലക്ഷത്തിലേറെയുണ്ടായിരുന്ന കാസ്പിയൻ സീലുകൾ ഇന്ന് 68,000ത്തോളം മാത്രമാണെന്ന് ഗവേഷകർ പറയുന്നു.