
ഡിജിറ്റൽ പണമിടപാടുകളിൽ വന്ന വർധനവോടെ പലർക്കും ഇന്ന് ബാങ്കുകളിൽ നേരിട്ട് എത്തേണ്ട സാഹചര്യങ്ങളിൽ കുറവ് വന്നിട്ടുണ്ട്. നവീകരിച്ച എടിഎമ്മുകൾ വഴി ഇന്ന് പണം പിൻവലിക്കാനും നിക്ഷേപിക്കാനുമുള്ള സേവനങ്ങൾ നടത്താൻ സാധിക്കുന്നത് മൂലം ബാങ്കുകളിലെ തിരക്ക് ഒഴിവാക്കാൻ ആണ് പലരും ശ്രമിക്കാറുള്ളത്. എന്നാൽ അത്യാവശ്യ ഘട്ടങ്ങളിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ കൈവശം വെയ്ക്കാൻ മറക്കുന്നത് എടിഎം സേവനങ്ങൾക്ക് തടസമുണ്ടാക്കാം.
ഇതിന് ഒരു പ്രതിവിധിയെന്നോണം യുപിഐ ഇന്ന് കാർഡുകൾ ഉപയോഗിക്കാതെയുള്ള സേവനങ്ങളും അനുവദിക്കുന്നുണ്ട്. നാഷണൽ കോർപറേഷൻ ഓഫ് ഇന്ത്യ യുപിഎഐയിലെ പരിധിയിൽ വരുന്ന എടിഎം വഴി, കാർഡുകൾ ഉപയോഗിക്കാതെ പണം പിൻവലിക്കാനുള്ള സൗകര്യം നൽകുന്നുണ്ട്. ഐസിസിഡബ്ള്യു സേവനം തങ്ങളുടെ ഉപഭോക്താക്കൾക്കായി നൽകാൻ റിസർവ് ബാങ്കും പ്രോത്സാഹനം നൽകുന്നുണ്ട്. എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്കുകൾ ഇതിനോടകം തന്നെ കാർഡ്‌ലെസ് എടിഎം സേവനം നൽകി വരുന്നുണ്ട്. യുപിഐ വഴിയുള്ള കാർഡ്‌ലെസ് സേവനത്തെക്കുറിച്ച് മനസിലാക്കി വെയ്ക്കുന്നത് അടിയന്തരഘട്ടത്തിൽ കാർഡുകൾ ഇല്ലാതെ തന്നെ പണം പിൻവലിക്കാൻ സഹായകരമാകും.
എടിഎം വഴി കാർഡ് ഉപയോഗിക്കാതെ പണം പിൻവലിക്കുന്ന രീതി
• എടിഎം മെഷീൻ സന്ദർശിച്ച ശേഷം പണം പിൻവലിക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.
• യുപിഐ ഓപ്ഷൻ തിരഞ്ഞെടുക്കുക.
•എടിഎമ്മിന്റെ സ്ക്രീനിൽ തെളിഞ്ഞ് വരുന്ന ക്യൂ ആർ കോഡ് നിങ്ങളുടെ ഫോണിലെ യുപിഐ ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്യുക.
•എത്ര രൂപയാണ് പിൻവലിക്കേണ്ടത് എന്ന് നൽകുക
•യുപിഐ പിൻ നൽകി പണം പിൻവലിക്കുക
ഇത്തരത്തിൽ യുപിഐ സേവനം വഴി 5,000 രൂപ വരെ എടിഎമ്മിൽ നിന്നും പിൻവലിക്കാവുന്നതാണ്. യുപിഐ സേവനം ഉപയോഗിച്ച് പണം പിൻവലിക്കുന്നതിലെ നിരക്ക് കാർഡ് സേവനങ്ങൾക്ക് സമാനമാണ്. അതായത് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്നാണ് യുപിഐ വഴി പണം പിൻവലിക്കുന്നത് എങ്കിൽ അഞ്ച് തവണ സൗജന്യമായി സേവനം ആസ്വദിക്കാം. മറ്റ് ബാങ്കുകളുടെ എടിഎം ആണ് ഉപയോഗിക്കുന്നത് എങ്കിൽ മൂന്ന് തവണ ഫീ നൽകാതെ പണം പിൻവലിക്കാം.ഗൂഗിൾ പേ, പേറ്റിഎം, ഫോൺപേ തുടങ്ങിയ യുപിഐ ആപ്പുകൾ, ബാങ്കുകളുടെ ആപ്പുകൾ എന്നിവ ഉപയോഗിച്ച് ഈ സേവനങ്ങൾ സുഗമമായി ഉപയോഗപ്പെടുത്താവുന്നതാണ്.