soudi-oil

റിയാദ്: സൗദിയിൽ നിന്നുള്ള എണ്ണയില്ലാതെ ലോകത്തിന് രണ്ടാഴ്ച്ച പോലും മുന്നോട്ട് പോകുന്നത് അസാധ്യമെന്ന് സൗദി ഊർജ മന്ത്രി അബ്ദുൾ അസീസ് ബിൻ സൽമാൻ അൽ സൗദ് . ഊർജമേഖല പ്രധാനമായി നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് റിയാദില്‍ നടന്ന ഗ്ലോബല്‍ സൈബര്‍ സെക്യൂരിറ്റി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർധിച്ചു വരുന്ന സൈബർ ആക്രമണങ്ങൾ പ്രധാനമായും ഊർജമേഖലയെ തളർത്തുകയാണെന്ന് അബ്ദുൾ അസീസ് രാജകുമാരൻ പറഞ്ഞു

ആയുധങ്ങളോ നേരിട്ടുള്ള സൈനിക ഇടപെടലുകളോ ആവശ്യമില്ലെങ്കിലും കൂടിയും സൈബർ ആക്രമണങ്ങൾ അപകടകരമാണ്. ഓരോ 11 സെക്കന്റിലും ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത്‌ സൈബർ ആക്രമണം നടക്കുന്നുണ്ട്. രാഷ്‌ട്രീയപരവും ആശയപരവുമായ വൈരുദ്ധ്യങ്ങളാണ് ഈ ആക്രമണങ്ങൾക്ക് പിന്നിൽ. മുന്നറിയിപ്പില്ലാതെ വരുന്ന ഇത്തരം അക്രമണങ്ങൾക്കെതിരെ ഭീകരവാദത്തിന് എതിരെ എന്ന പോലെ ആഗോള കൂട്ടായ്‌മ വേണം. ഇതിനായി പുതിയ ആഗോള തലത്തിലെ സമീപനമാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേ സമയം ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ വളർച്ച കാരണം ഹാക്കർമാർക്ക് ലോകത്തിലെ ഏറ്റവും മികച്ച സൈബർ സന്നാഹങ്ങളെ പോലും അട്ടിമറിക്കാൻ സാദ്ധ്യമാണെന്നും ഈ ഭീഷണിയെ ഫലപ്രദമായി നേരിടുന്ന കാര്യത്തിൽ സൗദി ഏറെ മുന്നോട്ട് പോയതായി കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി പറഞ്ഞു. സൈബർ സുരക്ഷയുടെ കാര്യത്തിൽ സൗദിയ്‌ക്ക് ഇന്ന് ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയർന്ന് വരാൻ സാധിച്ചു. ഇതേ സ്ഥാനത്ത് തന്നെ തുടരാൻ ഏറെ വൈദഗ്ദ്യം ആവശ്യമുണ്ട്.അതിനായി പരമ്പരാഗത രീതിയിൽ നിന്ന് മാറി ചിന്തിക്കണെന്നും അദ്ദേഹം പറഞ്ഞു.