തിരുവനന്തപുരം : സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനംചെയ്ത് കരാറിൽ ഒപ്പിട്ട ശേഷം ബലം പ്രയോഗിച്ച് യുവതിയുടെ നഗ്ന ചിത്രങ്ങൾ ചിത്രീകരിച്ച കേസിൽ സംവിധായികയുടെയും സഹായിയുടെയും മുൻകൂർ ജാമ്യ ഹർജി കോടതി തളളി. ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണുവാണ് ജാമ്യഹർജി തളളിയത്. കോട്ടയം വൈക്കം എൻ.ഇ വാർഡ് സ്വദേശിനിയും മുട്ടട ഗാന്ധിസ്മാരക നഗറിൽ ജി.എസ്.എൻ 97ൽ താമസക്കാരിയുമായ ലക്ഷ്മിദീപ്തി, ഇവരുടെ സഹായി പാറശാല മുരിയാങ്കര സ്വദേശിയും ആര്യനന്ദ ക്രിയേഷന്റെ സി. ഇ.ഒയുമായ എബിസൺ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജിയാണ് തളളിയത്.
ഒ.ടി.ടി പ്ലാറ്റ് ഫോമിൽ ഇത്തരം നീചകൃത്യങ്ങൾ നടക്കുന്നതിനെക്കുറിച്ച് ശരിയായ അന്വേഷണം നടക്കേണ്ടതിനാൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതികൾ യുവതിയിൽ നിന്ന് ഒപ്പിട്ട് വാങ്ങിയ കരാർ പത്രം കണ്ടെടുക്കാനും സിനിമയിലെ യുവതിയുടെ നഗ്ന ചിത്രങ്ങൾ പരിശോധിക്കാനും സെൻസർ ബോർഡിന്റെ അനുമതി അടക്കം പരിശോധിക്കുന്നതിനും പ്രതികളുടെ കസ്റ്റഡി അനിവാര്യമാണെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടും കോടതി ഗൗരവമായി പരിഗണിച്ചു. അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, വിനു മുരളി എന്നിവർ ഹാജരായി.