vande-bharat

ചെന്നൈ: ദക്ഷിണേന്ത്യയിലും വന്ദേഭാരത് എത്തി. ആദ്യ സർവീസിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫ്ളാഗ് ഓഫ് ചെയ്തത്. മൈസൂരിൽ നിന്ന് ബംഗളൂരു വഴി ചെന്നൈയിലേക്കാണ് സർവീസ്. നിലവിലെ സംവിധാനം അനുസരിച്ച് 500കിലോമീറ്റർ ദൂരം ആറരമണിക്കൂർ കൊണ്ട് താണ്ടാൻ കഴിയും. പാത നവീകരിക്കുന്നതോടെ ഇതിന് വെറും മൂന്നുമണിക്കൂർ മതിയാകും. മൈസൂരുവിൽ നിന്ന് യാത്ര തുടങ്ങി കഴിഞ്ഞാൽ പിന്നെ ബംഗളൂരു സിറ്റി ജംഗ്ഷനിൽ മാത്രമായിരിക്കും സ്റ്റോപ്പ് ഉണ്ടായിരിക്കുക. ബുധൻ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സർവീസ് ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.

രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരത് സർവീസിനാണ് ഇന്ന് തുടക്കമിട്ടത്. പൂർണമായും ശീതീകരിച്ച കോച്ചുകളുമായാണ് വന്ദേഭാരത് സർവീസ് നടത്തുന്നത്. ഡോറുകൾ എല്ലാം ഓട്ടാമാറ്റിക് ആണ്. ഓഡിയോ-വിഷ്വൽ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ഓൺബോർഡ് ഹോട്ട്സ്പോട്ട് വൈഫൈ, റിക്ലൈനിംഗ് സീറ്റുകൾ എന്നിവയാണ് വന്ദേഭാരതിന്റെ എടുത്തു പറയേണ്ട പ്രത്യേകതകൾ. മികച്ച സീറ്റുകൾ, ഇന്റീരിയറുകൾ, ബോഗിക്കടിയിലേക്ക് വെള്ളം കയറാത്ത ഡിസൈൻ, എമർജൻസി ലൈറ്റുകൾ, വായു ശുദ്ധീകരണ സംവിധാനം. എന്നിവയെല്ലാം വന്ദേഭാരത് ട്രെയിനുകളിൽ ഉണ്ടാവും. അതിവേഗത്തിൽ വന്ദേഭാരത് കുതിക്കുമ്പോൾ ട്രാക്കിലെ കൂട്ടിയിടി ഒഴിവാക്കാൻ ഇന്ത്യയുടെ സ്വന്തം 'കവച്ച്' സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.