
ചാലക്കുടി: മാരക മയക്കുമരുന്നുമായ എം.ഡി.എം.എയുമായി സീരിയൽ നടൻ ഉൾപ്പടെ രണ്ടു യുവാക്കളെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിക്കുളങ്ങര മോനടി ചെഞ്ചേരിവളപ്പിൽ മാങ്ങണ്ടി അരുൺ എന്ന അരുൺ(27), ഒമ്പതുങ്ങൽ അമ്പലപ്പാടൻ വീട്ടിൽ നിഖിൽ(25) എന്നിവരെയാണ് ഡാൻസാഫ് ഡി വൈ എസ് പി: ഷാജ് ജോസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അരുണാണ് 'മാങ്ങണ്ടി' എന്ന സിനിമയിൽ അഭിനയിച്ചത്.
ഇപ്പോഴും സീരിയലുകളിൽ അഭിനയിക്കുന്നുണ്ട്. 4.5 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്ന് കണ്ടെടുത്തു. മേലൂർ വെട്ടുകടവ് പാലത്തിന് സമീപം ഇന്നലെ രാത്രി യുവാക്കൾ തമ്പടിച്ച് മയക്കുമരുന്ന് കൈമാറുകയായിരുന്നു. ബംഗ്ലരുവിലേക്ക് ഷൂട്ടിംഗിന് പോകുന്നതിനിടെയാണ് അരുൺ ഇവിടെ എത്തിയതെന്ന് പറയുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു. കൊരട്ടി എസ്.എച്ച്.ഒ: ബി.കെ. അരുൺ, ഡാൻസാഫ് എസ്.ഐ: വി.ജി. സ്റ്റീഫൻ, കൊരട്ടി എസ്.ഐ: കെ.ഒ. സൂരജ്, എസ്.എസ്.ഐമാരായ സി.ഒ. ജോബ്, പി. ജയകൃഷ്ണൻ, സീനിയർ സി.പി.ഒമാരായ ലിജു ഇയ്യാനി, ഷറഫുദ്ദീൻ,മാനുവൽ, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.