
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഹിമാചലിലെ ജനങ്ങളോട് തുറന്ന കത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'താമര'യ്‌ക്ക് ലഭിക്കുന്ന ഓരോ വോട്ടും തന്റെ ശക്തി വർദ്ധിപ്പിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ബിജെപിയെ വീണ്ടും തിരഞ്ഞെടുത്ത് ചരിത്രം സൃഷ്‌ടിക്കണമെന്നും ജനങ്ങളോട് കത്തിലൂടെ ആവശ്യപ്പെട്ടു. 'കഴിഞ്ഞതവണത്തേത് പോലെ ഇത്തവണയും നിങ്ങളെല്ലാവരും ബിജെപിയെ അനുഗ്രഹിക്കുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്.താമരയ്‌ക്ക് അനുകൂലമായി ലഭിക്കുന്ന ഓരോ വോട്ടും എന്റെ ശക്തി വർദ്ധിപ്പിക്കും' പ്രധാനമന്ത്രി കത്തിൽ പറയുന്നു.
സംസ്ഥാനത്തെ വികസനത്തിന്റെ പ്രയാണം തുടരാൻ അനുവദിക്കണമെന്നും ഹിമാചലിന്റെ വികസനം 'ഹിമാലയത്തിലെ കൊടുമുടികൾ പോലെ' ആകാശം തൊടണമെന്നും മോദി പറഞ്ഞു. താൻ 2014ൽ അധികാരത്തിലെത്തിയ സമയത്ത് സംസ്ഥാനത്ത് മറ്രൊരു പാർട്ടിയുടെ സർക്കാരായിരുന്നെന്നും കേന്ദ്ര പദ്ധതികൾ അവർ സംസ്ഥാനത്തേക്ക് കൊണ്ടുവരാൻ അനുവദിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി. ആദ്ധ്യാത്മികത നിറഞ്ഞ മണ്ണാണ് ഹിമാചലിലേതെന്നും പ്രധാനമന്ത്രി പ്രശംസിച്ചു. സംസ്‌കാരത്തിന്റെയും ആദ്ധ്യാത്മികതയുടെയും നാടാണ് ഹിമാചലെന്നും ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാരുകൾ ദീർഘനാളായി ഹിമാചലിൽ അവഗണിക്കപ്പെട്ട് കിടന്നിരുന്ന മേഖലകളിൽ വികസനം കൊണ്ടുവന്നെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു.
കുടിയേറ്റത്തിന്റെയും പ്രശ്‌നങ്ങളുടെയും കാലം കഴിഞ്ഞ് ടൂറിസത്തിന്റെയും വികസനത്തിന്റെയും പാതയിലാണ് ഹിമാചലെന്നും പ്രധാനമന്ത്രി പറഞ്ഞു. നാളെയാണ് ഹിമാചലിൽ വോട്ടെടുപ്പ്. ഡിസംബർ 12നാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ. അവസാനമായി പുറത്തുവന്ന പോൾ സർവെയിൽ സംസ്ഥാനത്ത് കോൺഗ്രസിനും ബിജെപിയ്‌ക്കും ഏതാണ്ട് തുല്യ സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടത്.