pradeep

തിരുവനന്തപുരം: ട്രാഫിക് സിഗ്നലിൽ ഹോൺ മുഴക്കിയെന്ന് ആരോപിച്ച് യാത്രക്കാരന് നടുറോഡിൽ മർദനം. ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരം നീറമൺകരയിലാണ് സംഭവം. കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര സ്വദേശി പ്രദീപിനാണ് മർദനമേറ്റത്. രണ്ട് യുവാക്കൾ ചേർന്നാണ് പ്രദീപിനെ മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

മുഖത്ത് ഗുരുതര പരിക്കേറ്റ പ്രദീപിന് വായിൽ മൂന്ന് സ്റ്റിച്ചുണ്ട്. സംഭവം നടക്കുന്ന സമയം നീറമൺകരയിൽ ഗതാഗതക്കുരുക്കുണ്ടായിരുന്നു. പ്രദീപിന്റെ വാഹനത്തിന് പുറകിലുള്ളവർ ഹോൺ മുഴക്കിയിരുന്നു. എന്നാൽ പ്രദീപാണ് ഇത് ചെയ്തതെന്ന് ആരോപിച്ച് തൊട്ടുമുന്നിലുണ്ടായിരുന്ന ബൈക്കിലെ രണ്ട് യുവാക്കൾ ഇറങ്ങി വന്ന് മ‌ർദിക്കുകയായിരുന്നു. 'ബ്ലോക്കിന്‍റെ ഇടയില്‍ കൂടി കയറി പോകടാ' എന്ന് ആക്രോശിച്ചുകൊണ്ടാണ് ഇവർ പ്രദീപിനെ മർദിച്ചത്. തുടർന്ന് രണ്ടുപേരും ബൈക്കിൽ കയറി പോയെന്നും പ്രദീപ് പറഞ്ഞു, കരമന പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനായില്ല.