governor

കൊച്ചി: സാങ്കേതിക സർവകലാശാല (കെ ടി യു ) താൽക്കാലിക വി സിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. നിയമനത്തിൽ നിയമപ്രശ്നമുണ്ടെന്നും സർക്കാർ വാദത്തിൽ കഴമ്പുണ്ടെന്നും നിരീക്ഷിച്ചുകൊണ്ടാണ് കോടതി നടപടി. വി സിക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ച് എ ജി കോടതിയെ വിശദമായി ധരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിയമനത്തിൽ പ്രഥമ ദൃഷ്ട്യാ നിയമപരമായ പ്രശ്നമുണ്ടെന്ന് സർക്കാർ വാദത്തിൽ വസ്തുതയുണ്ടെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കിയത്.

ഹർജിക്ക് മറുപടി നൽകാൻ ഗവർണർ കൂടുതൽ സാവകാശം തേടി. പുതിയ കോൺസിൽ ആയതിനാൽ മറുപടി നൽകാൻ കൂടുതൽ സമയം വേണം എന്നാണ് ഗവർണറുടെ അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിച്ചത്. സിസ തോമസിനുവേണ്ടിയും അഭിഭാഷകൻ ഹാജരായിരുന്നു.

വിസിയെ സംബന്ധിച്ച വ്യവഹാരങ്ങളും തർക്കങ്ങളും ഒരിക്കലും കുട്ടികളുടെ ഭാവിയെ ബാധിക്കരുതെന്ന് പറഞ്ഞ കോടതി വ്യവഹാരങ്ങൾ പെരുകുകയാണെന്നും വി സി നിയമനത്തിൽ യു ജി സി നിലപാട് അറിയിക്കണമെന്നും ആവശ്യപ്പെട്ടു. ഹർജിയിൽ യു ജി സിയെ കോടതി സ്വമേധയാ കക്ഷി ചേർത്തിട്ടുണ്ട്. ചട്ടങ്ങൾക്ക് വിരുദ്ധമാണോ ഗവർണ്ണറുടെ ഉത്തരവെന്ന കാര്യത്തിലാണ് യു ജി സി നിലപാട് അറിയിക്കേണ്ടത്.എല്ലാ കക്ഷികളും ബുധനാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം നൽകണമെന്നും വി സി സ്ഥാനത്തേക്ക് സർക്കാർ നിർദ്ദേശിക്കുന്ന വ്യക്തികളുടെ യോഗ്യതയെക്കുറിച്ചുള്ള വിശദവിവരങ്ങൾ അറിയക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. വി സിമാരെ ശുപാർശ ചെയ്യേണ്ടത് സർക്കാരാണെന്നും എന്നാൽ സിസ തോമസിനെ ഗവർണർ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കുകയായിരുന്നു എന്നാണ് സർക്കാരിന്റെ വാദം.

സാങ്കേതിക സർവകലാശാല വി സിയായിരുന്ന ഡോ എം എസ് രാജശ്രീയുടെ നിയമനം ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തി സുപ്രീംകോടതി റദ്ദാക്കിയതിനെ തുടർന്നാണ് സിസ തോമസിനെ താൽക്കാലിക വിസിയായി നിയമിച്ചത്. സർക്കാർ നൽകിയ ശുപാർശകൾ തള്ളിക്കൊണ്ടായിരുന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടറായ സിസ തോമസിന് വി സിയുടെ താൽക്കാലിക ചുമതല ഗവർണർ നൽകിയത്.