balagopal

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനനയത്തെ നിശിതമായി വിമർശിച്ച് മുൻ ധനമന്ത്രി താേമസ് ഐസക്കിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ഗോപകുമാർ മുകുന്ദൻ. 'തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പാഠമാകണം.യാഥാസ്ഥിതിക ധനനയം തിരുത്തുക തന്നെ വേണം' എന്നാണ് ഗോപകുമാർ മുകുന്ദൻ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നത്. 'ഇപ്പോൾ ഇത്രയും പറയണം .വിശദാംശങ്ങൾ വേണമെങ്കിലാകാം' എന്നും കുറിപ്പിൽ പറയുന്നുണ്ട്. ചില തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നലെ പുറത്തുവന്നപ്പോൾ യു ഡി എഫിന് നേട്ടവും എൽ ഡി എഫിന് തിരിച്ചടിയുമാണ് ഉണ്ടായത്. ഈ സാഹചര്യത്തിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

ഗോപകുമാർ മുകുന്ദന്റെ അഭിപ്രായത്തെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. 'വിവരമുള്ളവർക്ക് സർക്കാരിന്റെ പോക്ക് നാശത്തിലേക്കാണ് എന്ന് മനസിലായി തുടങ്ങി .ഇത്തരം പൊട്ടിത്തെറികൾ ഇനിയും ഉണ്ടാകും. പാർട്ടി നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന ഒറിജിനൽ സഖാക്കൾ പിണറായി മുതലാളിയുടെ പോക്കിൽ കടുത്ത അതൃപ്തിയിലാണ്' എന്നായിരുന്നു ഒരു കമന്റ്.

'സർ തോമസ് ഐസക് സാറിന്റെ സ്റ്റാഫ് അംഗം ആയിരുന്നില്ലേ. ഇപ്പോൾ പാർട്ടി മെമ്പർഷിപ് ഉപേക്ഷിച്ചോ?രണ്ടാം

പിണറായി സർക്കാരിനെതിരെ ഫേസ്ബുക്ക് ഘടകത്തിലാണോ സർ വിമർശനം ഉന്നയിക്കുന്നത്?' എന്നായിരുന്നു മറ്റൊരു കമന്റ്. 'അതു ഞാൻ വേണ്ട സ്ഥലത്തു പറഞ്ഞോളാം' എന്നായിരുന്നു ഇതിനുള്ള ഗോപകുമാർ മുകുന്ദന്റെ മറുപടി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം ഇപ്പോൾ കടന്നുപോകുന്നത്. ഇതിനെത്തുടർന്ന് കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാർ കെട്ടിടങ്ങൾ മോടി പിടിപ്പിക്കൽ, വാഹനം, ഫർണീച്ചർ വാങ്ങൽ എന്നിവയ്ക്കുൾപ്പെടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് തുടരുക. സർക്കാരിന്റെ പിടിപ്പുകേടാണ് ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിക്ക് കാരണം എന്നാണ് പ്രതിപക്ഷ വിമർശനം.