tiger

മുംബയ്: മഹാരാഷ്ട്രയിൽ രാവിലെ നടക്കാനിറങ്ങിയ യുവാവ് കടുവയെ കണ്ട് പേടിച്ച് മരിച്ചു. പേടിച്ച് ഇയാൾക്ക് ഹൃദയാഘാതം വന്നതായാണ് റിപ്പോർട്ട്. ചന്ദ്രപൂർ നഗറിൽ കടുവ റോഡ് മുറിച്ചുകടക്കുന്നത് കണ്ട മഹാരാഷ്ട്രക്കാരൻ പ്രവീൺ മറാത്തെയാണ് മരിച്ചത്. ഇയാൾ രാവിലെ വനമേഖലയ്ക്കുള്ളിലുള്ള റോഡിലുടെ നടന്നപ്പോളാണ് സംഭവം. റോഡ് മുറിച്ചുകടക്കുന്ന കടുവയെ കണ്ട് പരിഭ്രാന്തനായതിനെ തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പ്രഭാതസവാരിക്കിറങ്ങിയ മറ്ര് ആളുകളാണ് റോഡിൽ കിടന്ന ഇയാളെ കണ്ടത്. അവർ ആംബുലൻസിനെയും പൊലീസിനെയും വിളിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പ്രഭാതസവാരിക്കിറങ്ങിയവർ പറഞ്ഞത് വഴിയിൽ ഒരു യുവാവ് കിടക്കുന്നത് കണ്ടുവെന്നാണ്. തുടർന്ന് വിവരമറിയിച്ചെങ്കിലും ആംബുലൻസ് എത്താൻ വെെകിയതോടെ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. കടുവയെ കണ്ട് പ്രവീൺ പേടിച്ച് നിലത്തു വീണതായി ദൃക്സാക്ഷികൾ പറഞ്ഞു. ഈ സ്ഥലത്ത് പലപ്പോഴും കടുവകളെ കാണാറുണ്ടെന്നും അവ റോഡ് മുറിച്ച് കടക്കാറുണ്ടെന്നും പ്രദേശവാസികൾ അറിയിച്ചു.