adani-modi-

ന്യൂഡൽഹി: 1948ൽ ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമാക്കപ്പെട്ടതിന് ശേഷവും പലതരത്തിലുള്ള സാമ്പത്തിക പരാധീനതകളിൽ നിന്ന് മുക്തമാകാൻ കഴിയാത്ത രാജ്യമാണ് ശ്രീലങ്ക. ഏഷ്യയെ ഒന്നാകെ വിഴുങ്ങാൻ വെമ്പൽകൊള്ളുന്ന ചൈനയെ തളയ്‌ക്കാൻ ഒരു താവളം എന്ന നിലയ‌്ക്ക് ശ്രീലങ്കയെ എപ്പോഴും ഇന്ത്യ കരുതലോടെ കണ്ടിട്ടേയുള്ളൂ. ചൈനയുടെ ചതിക്കുഴിയിൽ വീണ് സാമ്പത്തികമായി തകർന്ന് തരിപ്പണമായ ലങ്കയെ കൈപിടിച്ചുയർത്താൻ പലഘട്ടത്തിലും ഇന്ത്യ തയ്യാറായിട്ടുണ്ട്.

സമുദ്രതലത്തിൽ ഇന്ത്യയെ വളയാൻ തക്കം പാർത്തിരിക്കുന്ന ചൈനയ‌ുടെ നേർക്ക് പുതിയൊരു ആയുധം തയ്യാറാവുകയാണ്. അതിന് കളമൊരുക്കുന്നതാകട്ടെ ഗൗതം അദാനി എന്ന കോടീശ്വരന്മാരിൽ കോടീശ്വരനും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഇന്ധന സ്രോതസ്സ്' എന്നാണ് പണ്ടും അദാനി അറിയപ്പെടുന്നത്. അതിനുള്ള പ്രത്യുപകാരങ്ങൾ പലഘട്ടത്തിൽ വിവിധ രൂപങ്ങളിൽ അദാനിക്ക് ലഭിച്ചിട്ടുണ്ട് എന്നത് മറ്റൊരു വശം.

ചൈനയ‌്ക്കെതിരെ അദാനിയെ എങ്ങനെയാണ് മോദി രൂപപ്പെടുത്തുന്നത് എന്ന് ചോദിച്ചാൽ, വികസനത്തിലൂടെ എന്ന് മറുപടി പറയേണ്ടി വരും. ശ്രീലങ്കയിൽ വൻ നിക്ഷേപത്തിനുള്ള പദ്ധതികൾ അദാനി ആരംഭിച്ചു കഴിഞ്ഞു. ഇപ്പോഴത്തെ അവസ്ഥയിൽ തങ്ങളുടെ സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കാൻ ഉതകുന്ന ആരെയും ഇരുകൈയും നീട്ടി സിംഹളന്മാർ സ്വീകരിക്കുമെന്ന് അദാനിക്ക് നന്നായിട്ടറിയാം. പ്രത്യേകിച്ചും നയതന്ത്ര തലത്തിൽ വിശ്വസ്തരായ ഇന്ത്യയിൽ നിന്നാകുമ്പോൾ ലങ്കയ‌്ക്ക് അത് ഇരട്ടി സന്തോഷമാണ് നൽകുക.

വടക്കൻ ശ്രീലങ്കയിലെ പൂനെറിയനിൽ പവർ പ്ളാന്റുകൾ സ്ഥാപിക്കാനാണ് അദാനിയുടെ നീക്കം. 137 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള അദാനിയുടെ നിക്ഷേപങ്ങളിൽ ഏറിയ പങ്കും ഇന്ത്യയിലാണ്. എന്നാൽ ശ്രീലങ്കയടക്കമുള്ള ദ്വീപ് രാഷ്‌ട്രങ്ങളിലേക്ക് കൂടി ബിസിനസ് സാമ്രാജ്യം വികസിപ്പിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. തുറമുഖം, കൽക്കരി ഖനികൾ, ഊർജോത്പാദനം, വിതരണം എന്നീ മേഖലകളിൽ അധീശത്വമുള്ള അദാനിയുടെ സ്വാധീനം ഉപയോഗിച്ച് ലങ്കയെ ചൈനയ‌്ക്കെതിരായ ചട്ടുകമാക്കുക എന്നതാണ് മോദിയും ലക്ഷ്യമിടുന്നത്.

Privileged to meet President @GotabayaR and PM @PresRajapaksa. In addition to developing Colombo Port's Western Container Terminal, the Adani Group will explore other infrastructure partnerships. India's strong bonds with Sri Lanka are anchored to centuries’ old historic ties. pic.twitter.com/noq8A1aLAv

— Gautam Adani (@gautam_adani) October 26, 2021

ചർച്ചകളുടെ ആദ്യചുവടെന്നോണം 2021 ഒക്‌ടോബറിൽ ശ്രീലങ്കൻ പ്രധാനമന്ത്രി ഗോതാബായ രാജപക്‌സെ, പ്രസിഡന്റ് മഹിന്ദരാജപക്‌സെ എന്നിവരുമായി അദാനി കൂടിക്കാഴ്‌ച നടത്തുകയുണ്ടായി. 750 മില്യൺ ഡോളറിന്റെ കൊളംബോ പോർട്ട് ഡീൽ നടത്തിയതിന് പിന്നാലെയായിരുന്നു ഇത്. കൂടാതെ 70 ബില്യൺ ഡോളറിന്റെ ഹരിതോർജ പദ്ധതിയും വിഭാവനം ചെയ‌്തിട്ടുണ്ട്.

ഇന്ത്യയുടെ അതൃപ്‌തിയെ തുടർന്ന് ചൈനീസ് സർക്കാരിന്റെ സോളാർ പവർ പ്രോജക്‌ട് ഉപേക്ഷിക്കാൻ തയ്യാറായതിന് പിന്നാലെയാണ് അദാനിയുടെ പ്രോജക്‌ടുകളെ രാജപക്‌സെ ഇരുംകൈയും നീട്ടി സ്വീകരിച്ചതെന്ന് ചേർത്തുവായിക്കേണ്ടതാണ്. 2022 തുടക്കത്തിൽ പൂനെറിയൻ, മാന്നാർ എന്നിവിടങ്ങളിൽ 500 മെഗാവാട്ടിന്റെ ഊർജോത്പാദന പദ്ധതികൾക്ക് അദാനി തുടക്കമിട്ടിരുന്നു.

പാകിസ്ഥാനെ മുന്നിൽ നിറുത്തി ചൈന നടത്തുന്ന നീക്കങ്ങൾക്ക് ശ്രീലങ്കയെ ആയുധമാക്കാൻ ഇന്ത്യ വളരെ നേരത്തെ തീരുമാനിച്ചുകഴിഞ്ഞതാണ്. എന്നാൽ ലങ്കയിലെ പ്രതിപക്ഷത്തിന് അദാനിയോട് വലിയ മമതയൊന്നുമില്ല. 'പിൻവാതിൽ പ്രവേശം' എന്നാണ് അദാനിയുടെ കടന്നുവരവിനെ അവർ വിശേഷിപ്പിക്കുന്നത്. നരേന്ദ്ര മോദിയുടെ കുപ്രസിദ്ധനായ സുഹൃത്തിനെ രാജപക്‌സെ സർക്കാർ അമിതമായി ലാളിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ പരിഹാസം. തങ്ങളുടെ പ്രതിസന്ധിയെ ചൂഷണം ചെയ്യുന്നത് മോദിയും അദാനിയും അവസാനിപ്പിക്കണമെന്നാണ് ഇവരുടെ മുദ്രാവാക്യം.

പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യങ്ങൾ പലതാണ്. അതിൽ ഏറ്റവും പ്രധാനം ചൈന എന്ന വെല്ലുവിളിയെ ഒതുക്കുകയാണ്. മോദിയെ സംബന്ധിച്ചിടത്തോളം, കൊളംബോയുടെ പുതിയ തുറമുഖത്ത് കാലുറപ്പിക്കുന്നതാണ് പ്രധാനം. ചൈനയുടെ തുറമുഖ പദ്ധതിക്ക് ബദലായി ഒരു തുറമുഖ ടെർമിനൽ നിർമ്മിക്കുന്നതിൽ മോദിക്കുള്ള താൽപര്യം രാഷ്‌ട്രീയപ്രാധാന്യം കൽപ്പിക്കുന്നു. നേരത്തെ പറഞ്ഞതുപോലെ, അതു സാദ്ധ്യമാക്കാൻ അദാനി എന്ന 'ഇന്ധനത്തെ' കൃത്യമായി മോദി ഉപയോഗിക്കുന്നുവെന്നേയുള്ളൂ.