
എവിടെയും കൃഷിചെയ്യാം, മറ്റ് ഒരു കൃഷിക്കും കൊള്ളാത്ത സ്ഥലത്തും നന്നായി വളരും. വളക്കൂറുള്ളതാണെങ്കിലും ഇല്ലെങ്കിലും മികച്ച വിളവ് ഉറപ്പ്. നന തീരെ കുറച്ചുമതി. കീടങ്ങൾ ഏഴയലത്തുവരില്ല. പരിചരണവും തീരെ വേണ്ട. അതിനാൽ കൃഷിച്ചെലവും വളരെ കുറവ്. പക്ഷേ, പോക്കറ്റുനിറയെ വരുമാനം ഉറപ്പ്. രാമച്ചമാണ് ഈ അത്ഭുത വിള. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ യോജിച്ചതാണ് പുൽവർഗത്തിൽപ്പെട്ട രാമച്ചം. തട്ടു തട്ടായി കിടക്കുന്ന ഭൂമിയിലും ചരിവുള്ള ഭൂമിയിലും രാമച്ചം നട്ടാൽ മണ്ണൊലിപ്പ് തടയാം . നാര് പോലെ ഇടതൂർന്ന വേരുകളാണ് മണ്ണൊലിപ്പ് തടയുന്നത്.
തെക്കേ ഇന്ത്യൻ, വടക്കേ ഇന്ത്യൻ എന്നിങ്ങനെ രണ്ട് ഇനങ്ങളാണ് പ്രധാനമായി ഉള്ളത്. കൂടുതൽ വേരുകൾ തെക്കേ ഇന്ത്യന്‍ ആണെങ്കിലും വടക്കേ ഇന്ത്യൻ ഇനങ്ങൾക്കാണ് കൂടുതൽ തൈലമുള്ളത്. നട്ടുകഴിഞ്ഞാൽ പതിനെട്ട് മാസം കഴിയുമ്പോൾ വിളവെടുക്കാൻ തയ്യാറാവും. വേരുകൾ പൊട്ടിപ്പോകാതെ സൂക്ഷിച്ചുവേണം ചെടി പിഴുതെടുക്കാൻ. വേരിനാണ് വില കിട്ടുന്നതെന്ന് മറക്കരുത്. പിഴുതെടുത്ത ചെടിയുടെ മൂട് ശുദ്ധമായ വെളത്തിൽ കഴുകിയശേഷം ഉണക്കി എടുത്തുവേണം മാർക്കറ്റിൽ എത്തിക്കാൻ.ആവശ്യക്കാർ ഏറെയാണ്.ഗ്രേഡുകളായി തിരിച്ചാണ് വിലയിടുന്നത്.
പറിച്ചെടുത്ത ചെടിയുടെ ചിനപ്പുകളാണ് വീണ്ടും നടാനായി ഉപയോഗിക്കുന്നത്. അതിനാൽ ഓരോതവണയും വിത്ത് വാങ്ങുന്നതിനുവേണ്ടിയുള്ള ചെലവും ഇല്ല ജൂൺമാസമാണ് നടാൻ ഏറ്റവും മികച്ച സമയം. ചാണകമോ, മറ്റ് ജൈവ വളങ്ങളോ അടിസ്ഥാനവളമായി നൽകിയാൽ കൂടുതൽ മികച്ച വിളവ് ലഭിക്കും. ഒരുകുഴിയിൽ രണ്ട് ചിനപ്പുകൾ നടാം.
ഔഷധങ്ങളിൽ ചേർക്കാനാണ് കൂടുതലും രാമച്ചം ഉപയോഗിക്കുന്നത്. സൗന്ദര്യ വർദ്ധക വസ്തുക്കൾ, സോപ്പുകൾ, കരകൗശല വസ്തുക്കളുടെ നിർമ്മാണം എന്നിവയ്ക്കും രാമച്ചവും, തൈലവും ഉപയോഗിക്കുന്നു. അരച്ച് കുഴമ്പ് രൂപത്തിൽ ശരീരത്തിൽ തേച്ചാൽ ത്വക് രോഗങ്ങൾക്ക് ആശ്വാസം കിട്ടും എന്നാണ് അനുഭവസ്ഥർ പറയുന്നത്. ശരീരത്തിന്റെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ രാമച്ചം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ കഴിയും. ഇതിനൊപ്പം അമിതദാഹം, ക്ഷീണം, ഉദരരോഗങ്ങൾ,ദഹന പ്രശ്നങ്ങൾ എന്നിവയെ ഇല്ലാതാക്കാനും രാമച്ച വെള്ളത്തിന് കഴിവുണ്ട്. രാമച്ചം വീട്ടിനുള്ളിൽ തുറന്ന് വച്ചാൽ അന്തരീക്ഷവായു ശുദ്ധമാവും. കൊതുകുകളെ തുരത്താനും ഇതിലൂടെ കഴിയും.