
തിരുവനന്തപുരം: തനിക്കെതിരെ സമരം നടത്തുന്ന പ്രതിപക്ഷ കൗൺസിലർമാർ വാർഡിലെ പല ആവശ്യങ്ങൾക്കായി തന്നെ സമീപിക്കുന്നുവെന്ന വിചിത്രവാദവുമായി മേയർ ആര്യാ രാജേന്ദ്രൻ. കോർപ്പറേഷനിലെ നിയമനവിവാദവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു മേയറുടെ പരാമർശം.
''ഭരണപരമായ കാര്യങ്ങളിൽ എടുക്കേണ്ട തീരുമാനങ്ങൾ കോർപ്പറേഷനിൽ എടുക്കുന്നുണ്ട്. അതിൽ രസകരമായ കാര്യം എന്താണെന്ന് പറഞ്ഞാൽ, ഇവിടെ സമരം ചെയ്യുന്നവരുടെ മുദ്രാവാക്യം മേയർ രാജി വയ്‌ക്കുക എന്നതാണ്. എന്നാൽ അവരുടെ വാർഡുകളിലെ കാര്യങ്ങൾ നടത്താൻ കത്ത് ഒപ്പിടാൻ വേണ്ടി എന്റെയടുത്ത് വരുന്നുണ്ട്. ഒപ്പിട്ട് കൊടുക്കുന്നുമുണ്ട്. അങ്ങനെയാണെങ്കിൽ വാർഡിൽ ഞങ്ങൾക്ക് സേവനം വേണ്ട, കാര്യങ്ങൾ ഞങ്ങൾ തന്നെ നോക്കിക്കൊള്ളാമെന്ന് അവർ പറയണം.
'55 കൗൺസിലർമാർ വോട്ടു രേഖപ്പെടുത്തിയാണ് ഞാൻ മേയറായി ചുമതലയേൽക്കുന്നത്. കൗൺസിലർമാരുടെയും ജനങ്ങളുടെയും പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരും. മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി എനിക്ക് പറയാനുള്ള കാര്യങ്ങളും ക്രൈംബ്രാഞ്ച് കേട്ടു. നഗരസഭയുടെ ജീവനക്കാരുടെ പ്രവർത്തനങ്ങളും മറ്റു പൊതു കാര്യങ്ങളും മൊഴിയുടെ ഭാഗമായി സൂചിപ്പിക്കുകയുണ്ടായി. അന്വേഷണവുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങൾ സ്വഭാവികമായും മുന്നോട്ടു പോകും.
ക്രൈംബ്രാഞ്ച് അന്വേഷണം പോസിറ്റീവായാണ് പോകുന്നത്. പ്രതിപക്ഷത്തിന്റെ രാജി ആവശ്യം ബാലിശമാണ്. ജനപിന്തുണയില്ലാത്ത സമരത്തിന്റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. ജനങ്ങളെ മാത്രം ബോദ്ധ്യപ്പെടുത്തിയാൽ മതിയെന്നാണു ഞാൻ വിശ്വസിക്കുന്നത്. സർക്കാരിലും മുഖ്യമന്ത്രിയിലും വിശ്വാസമുണ്ട്. എനിക്കു പറയാനുള്ളതു കേൾക്കാൻ ക്രൈംബ്രാഞ്ച് തയ്യാറായി. അതുപോലെ, നഗരസഭ ജീവനക്കാരും ഓഫിസ് പ്രവർത്തനവുമായി ബന്ധപ്പെട്ടു മൊഴി നൽകിയിട്ടുണ്ട്. സമരം തുടരുമ്പോഴും വാർഡിലെ ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ടും പ്രതിപക്ഷ കൗൺസിലർമാർ നൽകുന്ന കത്തുകൾ പരിശോധിച്ച് അംഗീകരിക്കുന്നുണ്ട്.
കോടതി എനിക്ക് അയച്ചുവെന്നു പറയപ്പെടുന്ന കത്ത് കൈപ്പറ്റിയിട്ടില്ല. അതിൽ എന്തൊക്കെയാണു പരാമർശിച്ചിരിക്കുന്നതെന്ന് പരിശോധിക്കണം. അന്വേഷണത്തിന്റെ ഭാഗമായി എല്ലാ വശങ്ങളും പരിശോധിക്കണം. എന്റെ ഭാഗം കേൾക്കണമെന്നു തീരുമാനിച്ച കോടതിയെ അഭിനന്ദിക്കുകയാണ്''.- മേയർ പറഞ്ഞു.