
കൃഷി ഇന്ന് കേവലം ഒരു ഉപജീവനമാർഗം മാത്രമല്ല , അത് ഒരു ജനതയുടെ സംസ്കാരം കൂടിയാണ് . അവിശ്വസനീയമായ ഇന്ത്യ എന്ന് നാം വിശേഷിപ്പിക്കാറുള്ള നമ്മുടെ നാടിന്റെ കൃഷി വൈവിധ്യങ്ങളും കാർഷിക സംസ്കാരവും ഏവരെയും അതിശയിപ്പിക്കുന്നതാണ്. വിഭവ സമൃദ്ധമാണ് കേരളം. കേരളത്തിന്റെ സമ്പന്നമായ ജൈവ സാങ്കേതികത ഈ സംസ്ഥാനത്തിന് മാത്രമല്ല രാഷ്ട്രത്തിനാകെ ഒരു നിധിശേഖരമാണ്. ആധുനിക ജൈവ സാങ്കേതികതയും സമ്പന്നമായ പ്രകൃതി വൈരുധ്യവും തമ്മിലുള്ള ഉദാത്തമായ സംയോഗത്തിന് ഈ സംസ്ഥാന അതിർത്തിക്ക് അപ്പുറത്തേക്ക് വ്യാപിക്കുന്ന ഫലമുളവാക്കാൻ തീർച്ചയായും സാധിക്കും. അതിനുമപ്പുറം കേരളത്തിന് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ മുതൽക്കൂട്ട് കാർഷിക മേഖലയിലെ സുശിക്ഷിതമായ മാനവശേഷി ആണ്. ജൈവ സാങ്കേതികതയും പ്രകൃതി വൈരുധ്യങ്ങളെയും ആശ്രയിച്ചുള്ള ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന ഒരു കാർഷിക വ്യവസായത്തിന്റെ വിജയത്തിന് ഉറപ്പു നല്കാൻ ഈ മാനവ വിഭവം മാത്രം മതിയാകും.
കൃഷി കേരളത്തിന്റെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്. ഒരു ജനത തലമുറകളായി നെഞ്ചിലേറ്റി കൈമാറി വന്ന വിശ്വാസങ്ങളും മൂല്യങ്ങളും കൂടിയാണിത്. ദൈവത്തിന്റെ സ്വന്തം നാടായി ബ്രാൻഡ് ചെയ്യപ്പെടുന്ന കേരളത്തിന് വളരെ ശക്തമായ ഒരു കാർഷിക സംസ്കാരം ഉണ്ട്. അത് ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ച ഒന്നാണ്.
കർഷകരുടെ അധ്വാനവും വിയർപ്പും കച്ചവട ലക്ഷ്യത്തോടെ ബഹു രാഷ്ട്ര കമ്പനികളും അനൈതിക കച്ചവടലോബികളും ചൂഷണവും ചെയ്ത് ഉടമസ്ഥാവകാശം കൈക്കലാക്കുന്ന രീതി കേരളത്തിൽ ഇപ്പോൾ വർദ്ധിച്ചു വരുന്നു. അവിശ്വസനീയമായ പോഷക ഗുണങ്ങളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഉള്ള കാർഷിക ഉത്പന്നങ്ങൾ തീർച്ചയായും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. അതിലുപരി ഇത് കർഷകരുടെ സ്വത്ത് ആണ്. കർഷകരുടെ അധ്വാനത്തിന്റെ ബൗദ്ധിക സ്വത്തവകാശം തീർച്ചയായും സംരക്ഷിക്കേണ്ടതായുണ്ട്. ഇതിനായി ഇന്ത്യയിൽ പല നിയമങ്ങളും ഉണ്ട്. ഇതിൽ പ്രധാനപ്പെട്ടത് 2003 ലെ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ഭൗമ സൂചിക) നിയമമാണ്. ചില പ്രദേശങ്ങളിൽ വിളയിച്ചെടുക്കുന്ന ഉത്പന്നങ്ങൾക്ക് ആ പ്രദേശത്തിന്റെ പ്രത്യേകതകളും ഭൂപ്രകൃതിയും മണ്ണും കാലാവസ്ഥയും പ്രദേശവാസികളുടെ വൈദഗ്ധ്യവും സ്വാധീനം ചെലുത്താറുണ്ട്. ഈ പ്രത്യേകതകളോടെ വിപണിയിൽ വരുന്ന ഉത്പന്നങ്ങളെ ജനങ്ങൾ ആ പ്രദേശത്തിന്റെ പേരിലൂടെ തിരിച്ചറിയുന്നു. ഇതിനെയാണ് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ അഥവാ GI മുദ്ര എന്ന് പറയുന്നത്. ഇത് സർക്കാർ അംഗീകരിച്ച് അനുവദിച്ച് നൽകുന്ന ഒരു മുദ്രാവാക്യമാണ്.
പാലക്കാടൻ മട്ട അരി ഉത്പന്നങ്ങൾ, ഡാർജിലിംഗ് തേയില , നാഗ് പൂർ ഓറഞ്ച് ,മലബാർ കുരുമുളക്, നാസിക് മുന്തിരി എന്നിവ ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഏതാനും ചില കാർഷിക GI മുദ്രയയുള്ള ഉത്പന്നങ്ങൾ ആണ്. കർഷകർക്കും ഉല്പാദകർക്കും നിയമ സംരക്ഷണം നൽകുക എന്നതാണ് G I മുദ്രയുടെ ലക്‌ഷ്യം. ഒരു പ്രാദേശിക ഗുണമോ സ്വഭാവമോ അടയാളപ്പെടുത്തുന്നതിനപ്പുറം GI മുദ്രയുള്ള ഉത്പന്നങ്ങൾ വിപണിയിൽ ദുരുപയോഗം ചെയ്യുന്നതിൽ നിന്നും യഥാർത്ഥ കർഷകർക്കും ഉല്പാദകർക്കും സംരക്ഷണം കൊടുക്കുക എന്നത് കൂടിയാണ് ഈ സംരക്ഷണത്തിന്റെ ലക്‌ഷ്യം. GI മുദ്രയുടെ ധാർമികതയും അത് തന്നെയാണ്. GI മുദ്ര ഒരുകൂട്ടം കർഷകർ ചേർന്ന് നേടിയെടുക്കുന്ന കൂട്ടാവകാശമാണ്. ട്രേഡ് മാർക്കും G I മുദ്രയും പലപ്പോഴും ആശയകുഴപ്പം ഉണ്ടാക്കാറുണ്ട്. ട്രേഡ് മാർക്ക് ഉത്പന്നങ്ങളുടെ പേരുകൾക്കും മറ്റ് തിരിച്ചറിയൽ അടയാളങ്ങൾക്കും കൊടുക്കുന്ന സ്വകാര്യ അവകാശ മുദ്രയാണ്. GI മുദ്ര പ്രാദേശിക ഉത്പന്നങ്ങളെ പ്രദേശങ്ങളുടെ പേരിൽ തിരിച്ചറിയുന്നതിനു കൊടുക്കുന്ന കൂട്ടവകാശ മുദ്രയാണ്.
വ്യാപാര ബൗദ്ധിക സ്വത്തവകാശ ഉടമ്പടി (TRIPS ന്റെ ) 22 -ആം അനുച്ഛേദം അനുസരിച്ചാണ് 2003 ൽ ഭാരത സർക്കാർ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ നിയമം പാസാക്കിയത് . പക്ഷേ കേരളത്തിലെ പല കർഷകരും കർഷക കൂട്ടായ്മകളും ഈ നിയമത്തെ കുറിച്ചും ഭൗമ സൂചിക സംരക്ഷണ രീതിയെ കുറിച്ചും അജ്ഞരാണ്.
ഇന്ത്യയുടെ അഭിമാനമായ ഡാർജിലിംഗ് തേയില ജിയോഗ്രഫിക്കൽ ഇൻഡിക്കേഷനിലേക്ക് എത്തിയ വഴി ശ്രദ്ധേയമാണ്. ഇന്ത്യയിലെ അതിപുരാതനമായ കാർഷിക വ്യാപാര ഉത്പന്നങ്ങളിൽ ഒന്നാണ് തേയില. ലോകവിപണിയിൽ എത്തുന്ന പകുതിയിലേറെ തേയില ഉത്പന്നങ്ങളും എത്തുന്നത് ഇന്ത്യയിൽ നിന്നാണ്. ഏറ്റവും കൂടുതൽ തേയില ഉപഭോക്താക്കൾ ഉള്ളതും ഇന്ത്യയിലാണ്. തേയില കയറ്റുമതി മേഖലയിൽ ഇന്ത്യ മറ്റു രാജ്യങ്ങളായ ചൈന, ശ്രീലങ്ക, കെനിയ എന്നിവിടങ്ങളിൽ നിന്ന് കടുത്ത മത്സരം നേരിട്ടുകൊണ്ടേയിരിക്കുന്നു. മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന ഗുണ നിലവാരം കുറഞ്ഞ തേയില ഡാർജിലിംഗ് തേയില എന്ന പേരിൽ ബ്രാൻഡ് ചെയ്തു കയറ്റുമതി ചെയ്ത് ലോകവിപണിയിൽ എത്തിയപ്പോഴാണ് ഇത്തരത്തിൽ ഉള്ള ഒരു ജി ഐ സംരക്ഷണത്തെക്കുറിച്ച് അധികാരികളും ചിന്തിച്ചു തുടങ്ങിയത്. 2003 ൽ ജി ഐ രജിസ്ട്രേഷൻ നിലവിൽ വന്നതിനു ശേഷം രജിസ്റ്റർ ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ജി ഐ രജിസ്ട്രേഷൻ എന്ന് സ്ഥാനം പിടിച്ച് ഡാർജിലിംഗ് തേയില ചരിത്രത്തിന്റെ ഭാഗമായി.
വലിയ നിയമ യുദ്ധങ്ങൾക്ക് ഒടുവിലാണ് ബസുമതി അരി ഉത്പന്നങ്ങൾക്ക് ജി ഐ ടാഗ് ലഭിച്ചത് . ഇന്ത്യയിലും പാകിസ്ഥാനിലും മാത്രം വിളയിച്ചിരുന്ന ബസ്മതി അരി ഒരു അമേരിക്കൻ ബഹുരാഷ്ട്ര കമ്പനി അമേരിക്കൻ ബസ്മതി എന്ന പേരിൽ പേറ്റന്റ് ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം . ഈ ബഹുരാഷ്ട്ര കമ്പനി അവരുടെ അരി ഉത്പന്നങ്ങൾ ലോക വിപണിയിൽ ബസ്മതി എന്ന പേരിൽ ബ്രാൻഡ് ചെയ്ത് വിൽക്കാൻ തുടങ്ങി. ഈ കമ്പനിയുടെ പേരിലുള്ള ബസ്മതി അരിയുടെ പേറ്റന്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു രണ്ടു ഇന്ത്യൻ സംഘടനകൾ അമേരിക്കൻ പേറ്റന്റ് ഓഫീസിൽ ഒരു ഹർജി ഫയൽ ചെയ്ത്. ഇന്ത്യയിലോ പാകിസ്ഥാനിലോ മാത്രം വിളയിച്ചെടുക്കുന്ന അരി ഉത്പന്നങ്ങൾക്ക് മാത്രമേ ബസ്മതി റൈസ് എന്ന പേരിൽ വിൽക്കാവൂ എന്ന് ആണ് ഹർജിയിൽ സൂചിപ്പിച്ചിട്ടുള്ളത് ഈ ബഹുരാഷ്ട്ര കമ്പനി ചെയ്തത് ബൗദ്ധിക സ്വത്തവകാശ മോഷണം എന്നതിലുപരി ഒരു സാംസ്‌കാരിക കവർച്ചയും കൂടിയായിരുന്നു. തുടർന്ന് ബസ്മതി എന്ന പേര് മാറ്റാനും ഇന്ത്യൻ ബസ്മതിക്കു സമാനമായ 15 ക്ലെയിമുകൾ നീക്കം ചെയ്യാനും അമേരിക്കൻ പേറ്റന്റ് ഓഫീസിൽ ഉത്തരവായി . പക്ഷെ ബസ്മതി എന്നത് ഒരു ഇന്ത്യൻ സ്ഥലപ്പേര് അല്ലാത്തതിനാൽ ഭൗമ സൂചിക പദവി കിട്ടുന്നതിലും കാലതാമസം നേരിട്ടു.
ഭാരത സർക്കാരിന്റെ വ്യാവസായിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഐ പി ആർ പ്രമോഷൻ & മാനേജ്‌മന്റ് സെൽ ഈ അടുത്ത കാലത്ത് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ പ്രചരിപ്പിക്കുന്നതിനും , ജനകീയമാക്കുന്നതിനും വേണ്ടി ഒരു നവമാധ്യമ പ്രചാരണം ശക്തമായി നടത്തുകയും ഇത് ജനകീയമാക്കുന്നതിന്റെ ആവശ്യം ശക്തമാക്കുകയും ചെയ്തു. പക്ഷെ ഇതുമപ്പുറം G I എന്ന കാർഷിക ഉത്പന്ന സംരക്ഷണ രീതി കർഷകരിലേക്കും സാധാരണക്കാരിലേക്കും എത്തിക്കുന്നതിലേക്കു സർക്കാരും പ്രദേശ ഭരണകൂടങ്ങളും ഉണർന്നു പ്രവർത്തിക്കേണ്ടതായിട്ടുണ്ട്. കാർഷിക മേഖല മാത്രമല്ല പ്രദേശങ്ങളുടെ പ്രത്യേകത അവകാശപ്പെടുന്ന എല്ലാ ഉത്പന്നങ്ങൾക്കും ഭൗമസൂചന ബാധകമാണ് എന്ന് കൂടി ഓർമ്മപ്പെടുത്തേണ്ടതായിട്ടുണ്ട്.
ചില പ്രദേശങ്ങളിലെ കർഷകർ തങ്ങളുടെ ക്രിയാത്മകമായ കൃഷി രീതി ഉപയോഗിച്ചാണ് കാർഷികോൽപ്പന്നങ്ങൾ വിളയിച്ചെടുത്ത് വിപണിയിൽ എത്തിക്കുന്നത്. എന്നാൽ ഇതിന്റെ അനുകരണം പോലെ മറ്റിടങ്ങളിലും ഇത്തരം കൃഷിരീതികൾ വ്യാപിക്കുന്നു. എന്നാൽ അത്തരം കൃഷി വിളകൾക്ക് ഭൗമ സൂചിക പദവി നേടിയ കാർഷികോൽപ്പന്നങ്ങളേക്കാൾ വില കുറച്ചു വിൽക്കുന്നത് വലിയ വെല്ലുവിളി തന്നെയുണ്ടാക്കുന്നു.
തൃശൂർ ജില്ലയിൽ ഉൽപാദിപ്പിക്കുന്ന മറയൂർ ശർക്കര ഭൗമ സൂചിക പദവി നേടിയതാണ്, പക്ഷെ ഇതേ പേരിൽ തമിഴ്നാട്ടിൽ നിന്ന് ശർക്കര കേരളത്തിലെത്തുന്നു. മറയൂർ ശർക്കര ഉൽപാദിപ്പിക്കുന്ന കർഷകർക്ക് വിപണിയിൽ ലഭിക്കുന്ന വിലയുടെ ഇരട്ടിവിലക്കു ആണ് വ്യാജ പേരിൽ തമിഴ്നാട്ടിൽ നിന്നെത്തുന്ന മറയൂർ ശർക്കര വിറ്റുപോകുന്നത് . ആറന്മുള കണ്ണാടി എന്ന പേരിൽ എവിടെയൊക്കെയോ നിർമ്മിക്കുന്ന കണ്ണാടികൾ വിപണിയിൽ വലിയ വിലക്ക് വിറ്റു പോകുന്നു. ഇത് ഭൗമ സൂചിക രജിസ്റ്റർ ചെയ്ത കർഷകർക്കും ഉല്പാദകർക്കും ഒരു വലിയ വെല്ലുവിളി തന്നെയാണ്.
ഇന്ത്യയിലെ ഭൗമ സൂചിക നിയമം തികച്ചും ദുർബലമായതിനാൽ അർഹിക്കുന്ന സംരക്ഷണം അർഹിക്കുന്നവർക്ക് കിട്ടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. നിയമങ്ങൾക്കും നിയമ സംരക്ഷണങ്ങൾക്കും അപ്പുറത്തു ശക്തമായ ഒരു എൻഫോഴ്‌സ്‌മെന്റ് (നിയമം നടപ്പിലാക്കാൻ പ്രക്രിയ) ഇവിടെ ഇല്ല എന്നുള്ളതാണ് ഇന്ത്യയിലെ ഭൗമസൂചന നേരിടുന്ന ഏറ്റവും വലിയ ഒരു വെല്ലുവിളി ഇന്ത്യയിലെ ഭൗമ സൂചിക രജിസ്‌ട്രേഷൻ ഉള്ള ഉത്പന്നങ്ങൾ അർഹമല്ലാത്തവർ തെറ്റായി ബ്രാൻഡ് ചെയ്ത് വിൽക്കുമ്പോൾ ഭൗമസൂചനഉടമസ്ഥർക്ക് അവരുടെ രജിസ്ട്രേഷന്റെ പിൻബലത്തോടെ നിയമ നടപടികൾ എടുക്കാവുന്നതാണ്. പക്ഷെ ഇത്തരത്തിൽ ഭൗമസൂചന ഇന്ത്യയിലും വിദേശത്തും എൻഫോഴ്‌സ് ചെയ്യുന്നതിന് കർഷകർക്കും ഉല്പാദകർക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് .
ഇന്ത്യയിൽ വളരെ അപൂർവം ഭൗമസൂചന ഉടമസ്ഥർ മാത്രമേ ദുരുപയോഗം തടയുന്നതിന് ശക്തമായ എൻഫോഴ്‌സ്‌മെന്റ് നടപടികളുമായി മുന്നോട്ടു പോകുന്നുള്ളൂ. ഭൗമസൂചന ഉടമസ്ഥരായ കർഷകരും ഉല്പാദകരും സാമ്പത്തികമായി ശക്തരല്ലാത്തിതിനാൽ സർക്കാർ ഇത് ഒരു സാംസ്‌കാരിക പൈതൃക സംരക്ഷണമായി കണക്കാക്കി ഇതിനു വേണ്ടി സാമ്പത്തിക സാങ്കേതിക സഹായങ്ങൾ ചെയ്ത് കൊടുക്കേണ്ടതായിട്ടുണ്ട്. ഇതിന് എല്ലാം പുറമെ പൊലീസ് അധികാരികൾക്കും മറ്റും നിയമം നടപ്പിലാക്കുന്ന ഏജൻസികൾക്കും ഈ നിയമത്തെ കുറിച്ചുള്ള ബോധവത്കരണം നൽകേണ്ടതായിട്ടുണ്ട്. പൊലീസിന്റെയും മറ്റു അധികാരികളുടെയും സാങ്കേതിക പരിജ്ഞാനക്കുറവും ഭൗമ സൂചിക നിയമ നടപടി പ്രക്രിയയെ സാരമായി ബാധിക്കുന്നുണ്ട്.
ഭൗമ സൂചിക മുദ്രയുള്ള ഉത്പന്നങ്ങൾക്ക് അവകാശപ്പെടുന്ന ഗുണങ്ങളും പ്രത്യേകതകളും ഉണ്ടോ എന്നും അത് പാലിക്കുന്നുണ്ടോ എന്നും ഉറപ്പു വരുത്തുന്ന ഒരു പരിശോധന സംവിധാനവും ഇന്ത്യയിൽ ഇല്ല . ആ ഒരു സംവിധാനം ഇല്ലാത്തതിനാലും എൻഫോഴ്‌സ്‌മെന്റ് ശക്തമല്ലാത്തതു കൊണ്ടും ഉപഭോക്താക്കൾ കാര്യമായി വഞ്ചിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.ശക്തമായ പ്രാദേശിക നിയമങ്ങളും എൻഫോഴ്‌സ്‌മെന്റ് ചട്ടങ്ങളും , കാര്യമായ ബോധവത്കരണവും ഈ രംഗത്ത് അടിയന്തിരമായി ഉണ്ടാകേണ്ടതായിട്ടുണ്ട് .
എസ് . വേണുഗോപാലൻ നായർ
അഡ്വക്കേറ്റ് , IPR & ട്രേഡ് മാർക്ക് അറ്റോർണി
CHENNAI,vgnlegal@gmail.com
ഫോൺ:9567762560
(ലേഖകൻ ട്രേഡ് മാർക്ക്, GI രംഗത്ത് പ്രവർത്തിക്കുന്ന അഭിഭാഷകനും ഭാരത സർക്കാർ മുൻ ട്രേഡ് മാർക്ക് എക്‌സാമിനറും ആണ്.)