mane

ദോഹ: . പരിക്കിന്റെ പിടിയിലുള്ള സൂപ്പർ താരം സാഡിയോ മാനേയെ ഒഴിവാക്കാതെ ആഫ്രിക്കൻ കരുത്തായ സെനഗൽ ഖത്തർ ലോകകപ്പിനുള്ള 26 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. മുന്നേറ്റത്തിൽ മാനേയ്ക്കൊപ്പം ഷെഫീൽഡ് യുണൈറ്റഡ് താരം ഇലിമാൻ എൻഡ്യായെ, വാറ്റ്ഫോർഡിന്റെ വിംഗർ ഇസ്മയില സാർ എന്നിവരുണ്ട്. മധ്യനിരയിൽ ക്രിസ്റ്റൽ പാലസിന്റെ ചെയ്‌കോ കൗയാട്ടെ, ലെസ്റ്റർ സിറ്റിയുടെ നംപാലിസ് മെൻഡി, എവർട്ടന്റെ ഗാന ഗുയെ തുടീങ്ങയവർ അലിയോ സിസ്സെ പരിശീലിപ്പിക്കുന്ന ടീമിൽ അണിനിരക്കും.

ചെൽസിയുടെ സെന്റർ ബാക്ക് കലിഡോ കൗലിബാലി, ആർ.ബി ലെയ്പ്‌സിഗിന്റെ അബ്ദൗ ഡയാലോ എന്നവരടങ്ങുന്ന സെനഗലിന്റെ പ്രതിരോധം ശക്തമാണ്.. ഗോള്‍കീപ്പർമാരായി സൂപ്പർതാരം എഡ്വാർഡോ മെൻഡി, ആൽഫ്രഡ് ഗോമിസ്, സെനി ഡിയെംഗ് എന്നിവരാണുളളത്.

ആഫ്രിക്കന്‍ ചാമ്പ്യന്‍മാരായി തലയെടുപ്പോടെയാണ് സെനഗല്‍ ലോകകപ്പിനെത്തുന്നത്. മാനെ ടീമിലെത്തിയതോടെ ലോകകപ്പില്‍ ടീമിന് മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ലോകകപ്പ് ഗ്രൂപ്പ് എ യില്‍ നെതര്‍ലന്‍ഡ്‌സ്, ഇക്വഡോര്‍, ആതിഥേയരായ ഖത്തര്‍ എന്നിവരോടൊപ്പമാണ് സെനഗലുളളത്. നവംബര്‍ 21-ന് നെതര്‍ലന്‍ഡ്‌സുമായാണ് ആദ്യ മത്സരം.