
മഹാകവി ഒ.എൻ.വി കുറുപ്പിന്റെ കൊച്ചു മകളും പിന്നണി ഗായികയുമായ അപർണ രാജീവ് ആലപിച്ച കുച്ച് കുച്ച് ഹുവ എന്ന ഹിന്ദി മ്യൂസിക്കൽ ആൽബം റിലീസ് ചെയ്‌തു. നിത്യഹരിത ഗാനങ്ങളുടെ രാജശിൽപിയായ അർജ്ജുനൻ മാസ്റ്ററുടെ കൊച്ചു മകൻ മിഥുൻ അശോക് ആണ് ഓർക്കസ്ട്ര കൈകാര്യം ചെയ്തത്. സംഗീത ലോകം നെഞ്ചിലേറ്റിയ മഹാന്മാരുടെ കൊച്ചു മക്കൾ ഒന്നിച്ചപ്പോൾ സംഗീത ആസ്വാദകർക്ക് അത് ഇരട്ടി മധുരമായി. ഗാനത്തിന് ഈണം ഒരുക്കിയിരിക്കുന്നത് അപർണയുടെ അച്ഛനും സംഗീത സംവിധായകനുമായ രാജീവ് ഒ.എൻ.വി ആണ്. അച്ഛന്റെ സംഗീതത്തിന് മകൾ പാടി അഭിനയിച്ചപ്പോൾ ദൃശ്യമായത് തലമുറകൾ പിന്നിട്ട സംഗീത പാരമ്പര്യമാണ്.
പ്രണയാർദ്രമായ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് പിങ്കി അലുവാലിയയാണ്. മിക്സിങ് - ജയിംസ് അനോസ്, ക്യാമറ&എഡിറ്റ് - പ്രകാശ് റാണ, ക്രീയേറ്റീവ് ഡയറക്ഷൻ- ആഷിഖ് അൻസാർ, അസോസിയേറ്റ് കാമറ - അരുൺ .ടി .ശശി. പ്രശസ്‌ത സംഗീത സംവിധായകനും പിന്നണി ഗായകനുമായ ശങ്കർ മഹാദേവനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ മ്യൂസിക്കൽ ആൽബം റിലീസ് ചെയ്‌തത്. മഹാദേവൻ സാറിനെ പോലൊരു സംഗീത മാന്ത്രികനിലൂടെ ആൽബം പ്രേക്ഷകരിലെത്തിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനും സന്തോഷവും ഉണ്ടെന്നും അപർണ കേരള കൗമുദിയോട് പറഞ്ഞു.