cleopatra

കെയ്റോ : പുരാതന ഈജിപ്ഷ്യൻ നഗരമായ അലക്സാൻഡ്രിയയ്ക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന പ്രാചീന നഗരമാണ് ടപോസിരിസ് മാഗ്ന. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെ ഒരു ക്ഷേത്രം നിലനിന്നിരുന്നു. ഈ ക്ഷേത്രത്തിന്റെ ശേഷിപ്പുകൾ ഇന്നും ഇവിടെ കാണാം.

എന്നാൽ പിരമിഡുകൾ പോലെ തന്നെ അത്ഭുകരമായ വാസ്തുവിദ്യയുടെയും ചുരുളഴിയാത്ത രഹസ്യങ്ങളുടെയും കേന്ദ്രം കൂടിയാണ് ടപോസിരിസ് മാഗ്ന ക്ഷേത്രം. ഡൊമിനിക്കൻ റിപ്പബ്ലിക് സ്വദേശിനിയായ ഡോ. കാത്‌ലീൻ മാർട്ടിനെസിന്റെ നേതൃത്വത്തിലെ സംഘം 2005 മുതൽ ടപോസിരിസ് മാഗ്ന ക്ഷേത്രത്തെ ചുറ്റിപ്പറ്റി ഗവേഷണങ്ങൾ നടത്തുകയാണ്.

ഈജിപ്ഷ്യൻ രാജ്ഞിയായിരുന്ന ക്ലിയോപാട്രയുടെയും പങ്കാളിയും റോമൻ ജനറലുമായ മാർക്ക് ആന്റണിയുടെയും 2000 വർഷം പഴക്കമുള്ള കല്ലറ ഈ ക്ഷേത്രത്തിന് സമീപത്താണെന്ന വിശ്വാസത്തിലാണ് കാത്‌ലീന്റെയും സംഘത്തിന്റെയും ഗവേഷണങ്ങൾ.

ഇപ്പോഴിതാ ഇവരുടെ പരിശ്രമങ്ങളെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതുന്ന ഒരു കണ്ടെത്തൽ ഉണ്ടായിരിക്കുന്നു. ക്ഷേത്രത്തിന് അടിയിൽ കണ്ടെത്തിയ ഒരു മൈൽ ദൂരവും ആറടി ഉയരവുമുള്ള ഒരു കൂറ്റൻ ടണൽ ആണിത്. ഈ ടണൽ ക്ലിയോപാട്രയുടെ കല്ലറയിലേക്ക് തങ്ങളെ നയിക്കുമെന്നാണ് ഗവേഷക സംഘം കരുതുന്നത്.

ഭൂമോപരിതലത്തിൽ നിന്ന് 43 അടി താഴെയാണ് ഈ ടണൽ. ക്ലിയോപാട്രയുടെയും ടോളമി രാജവംശത്തിൽപ്പെട്ടവരുടെയും എന്ന് കരുതുന്ന നാണയങ്ങളും ശില്പങ്ങൾ മേഖലയിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തി.

ടണൽ മെഡിറ്ററേനിയൻ കടലിൽ അവസാനിക്കുന്നു. പുരാതന അലക്‌സാൻഡ്രിയ നഗരത്തിന്റെ നല്ലൊരു ഭാഗവും ഇന്ന് കടലിനടിയിലാണ്. അതിനാൽ ടണലിന്റെ ഭാഗങ്ങളും കടലിനടിയിലുണ്ടെന്ന് കരുതുന്നു. അങ്ങനെയെങ്കിൽ ക്ലിയോപാട്രയുടെ കല്ലറ കടലിലാണെന്ന സാദ്ധ്യത തള്ളാനാകില്ല.

ടപോസിരിസ് മാഗ്ന

പുരാതന ഈജിപ്ഷ്യൻ ദേവനായ ഓസൈറിസിന്റെ ആരാധനാലയമാണ് ടപോസിരിസ് മാഗ്ന. പുരാണമനുസരിച്ച് ഓസൈറിസസിനെ ശത്രുക്കൾ ചതിച്ച് കൊലപ്പെടുത്തുകയും ചിന്നഭിന്നമാക്കി ഈജിപ്റ്റിന് മീതെ വിതറുകയും ചെയ്തു. ഭാര്യയായ ഐസിസ് ചിന്നഭിന്നമാക്കപ്പെട്ട ഓരോ കഷണങ്ങളും കണ്ടെത്തി കൂട്ടിച്ചേർത്ത് ഓസൈറിസിനെ വീണ്ടും ജീവൻ നൽകി. ഓസൈറിസിന്റെ ശരീരത്തിന്റെ ഒരു ഭാഗം വീണ ഇടമാണ് ടപോസിരിസ് മാഗ്ന എന്നാണ് കഥ. ഐസിസിന്റെ ഒരു ക്ഷേത്രവും ഇവിടെ നിലനിന്നിരുന്നു എന്ന വിശ്വസിക്കുന്നു.

അജ്ഞാത കല്ലറ

ബി.സി 305 നും 30 നും മദ്ധ്യേ ഈജിപ്‌ത് ഭരിച്ചിരുന്ന ടോളമി രാജവംശത്തിലെ അവസാന കണ്ണിയാണ് ക്ലിയോപാട്ര. ബി.സി 31ൽ യുദ്ധത്തിൽ ശത്രുവായ ഒക്ടേവിയനോട് പരാജയപ്പെട്ടതോടെ ക്ലിയോപാട്രയും ജീവിതപങ്കാളിയായിരുന്ന മാർക്ക് ആന്റണിയും ആത്മഹത്യ ചെയ്തു. എന്നാൽ ആത്മഹത്യ എങ്ങനെയായിരുന്നെന്ന് വ്യക്തമല്ല. ആന്റണി കത്തികൊണ്ട് സ്വയം കുത്തിയും ക്ലിയോപാട്ര വിഷം കഴിച്ചോ പാമ്പിനെ കൊണ്ട് കൊത്തിച്ചോ മരിച്ചെന്നും പറയുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ ഒരുമിച്ച് അടക്കം ചെയ്തു. എന്നാൽ അത് എവിടെയെന്ന് ഇന്നും കണ്ടെത്തിയിട്ടില്ല. അമൂല്യമായ പല വസ്തുക്കളും ഈ കല്ലറയിൽ ഉണ്ടാകാം.

ക്ലിയോപാട്രയും ടപോസിരിസ് മാഗ്നയും

ഓസൈറിസിനെ ആരാധിക്കുന്നവർക്ക് മരണമില്ലെന്ന വിശ്വാസമുണ്ട്. താനും ആന്റണിയും മരിച്ചാലും ഓസൈറിസിന്റെ അനുഗ്രഹത്താൽ മറ്റൊരു രൂപത്തിൽ ഒരുമിച്ച് ജീവിക്കാൻ സാധിക്കുമെന്ന് ക്ലിയോപാട്ര വിശ്വസിച്ചിരുന്നതായി പറയപ്പെടുന്നു. അതിനാൽ ഐസിസ് - ഓസൈറിസ് ദമ്പതികളുമായി ബന്ധമുള്ള ഇടത്ത് തങ്ങളെ സംസ്കരിക്കണമെന്ന് ക്ലിയോപാട്ര തീരുമാനിച്ചിരിക്കാം. ഐസിസിന്റെ ഒരു ക്ഷേത്രത്തിന് സമീപമാണ് ഇരുവരുടെയും കല്ലറയെന്ന് പുരാതന ഗ്രീക്ക് ഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്.