mk-stalin

ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ജനാധിപത്യത്തിന്റെ ശബ്ദമാണ് വിധിയിലൂടെ പ്രതിധ്വനിക്കുന്നത് എന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം. വിധി ജനാധിപത്യത്തിന് വില നൽകാത്തവർക്കുള്ള പ്രഹരമാണെന്നും ഗവർണർ ജനാധിപത്യ സർക്കാരിന്റെ തീരുമാനങ്ങൾ മാനിക്കണമെന്ന സന്ദേശമാണ് സുപ്രീം കോടതി വിധിയിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1991 മെയ് 21-ൽ നടന്ന രാജീവ് ഗാന്ധി വധക്കേസിൽ ദീർഘകാലമായി തടവ് ശിക്ഷ അനുഭവിച്ച വരുന്ന നളിനിയടക്കം ആറ് പ്രതികളെ മോചിപ്പിക്കാനാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. നളിനി 31 വർഷക്കാലമായി ജയിലിൽ തന്നെ തുടരുകയാണ്. ഇതേ കേസിൽ മുപ്പത് വർഷത്തിലധികമായി ജയിൽ ശിക്ഷ അനുഭവിച്ച പേരറിവാളനെ സമാനമായ വിധിയിലൂടെ കഴിഞ്ഞ മെയ് 18ന് ജയിൽ മോചിതനാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നളിനിയുടെയും മറ്റ് പ്രതികളുടെയും മോചനം ആവശ്യപ്പെട്ട് കൊണ്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ആർട്ടിക്കിൾ 142-ന്റെ പ്രത്യേക അധികാരം ഉപയോഗിക്കാൻ ഹൈക്കോടതിയ്ക്ക് അധികാര പരിമിതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളുകയായിരുന്നു. പ്രതികൾക്ക് സുപ്രീം കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിർദേശം നൽകിയിരുന്നു. തുടർന്നാണ് തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നളിനി കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

1991 മെയ് 21 -ന് രാത്രി ശ്രീപെരുംപുത്തൂരിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. സ്‌പെഷ്യൽ ടാഡ കോടതിയിൽ നടന്ന വിചാരണയ്ക്ക് ശേഷം പ്രതികൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 1999 മേയ് 11 -ന് മേൽക്കോടതി വധശിക്ഷ ശരിച്ചു. എന്നാൽ 2014 ൽ സുപ്രീംകോടതി നളിനിയടക്കം മൂന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കി. ഇവരുടെ ദയാഹർജി കേന്ദ്രം 11 കൊല്ലം വൈകിച്ചു എന്ന കാരണം പറഞ്ഞായിരുന്നു ഇത്.