
തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ രാജി വയ്ക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചു. പൊലീസ് അന്വേഷണം കഴിയും വരെ കൂടുതൽ നടപടികൾ വേണ്ടെന്ന് പാർട്ടി സെക്രട്ടേറിയേറ്റിൽ ധാരണയായി.
അതേസമയം നഗരസഭയിലെ പിൻവാതിൽ നിയമനത്തിൽ വിജലിൻസ് പ്രാഥമിക അന്വേഷണം തുടങ്ങി. സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് എസ്.പി കെ.ഇ. ബൈജുവാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അതിനിടെ കത്ത് വിവാദത്തിന്റെ പേരിൽ രാജി വയ്ക്കില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. കൗൺസിലർമാരുടെയും ജനങ്ങളുടെയും പിന്തുണ ഉള്ളിടത്തോളം കാലം സ്ഥാനത്ത് തുടരുമെന്നും മേയർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വെറുതേ കിടന്നോട്ടോ എന്നുകരുതിയല്ല പരാതി കൊടുത്തതെന്ന് പറഞ്ഞ മേയർ കോടതി പറയുന്ന ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും വ്യക്തമാക്കി. മഹിളാ കോൺഗ്രസിന്റെ പെട്ടിപ്രതിഷേധത്തിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നത് നിയമ വശം നോക്കി തീരുമാനിക്കുമെന്നും മേയർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കോടതി മേയർക്ക് അയച്ചു എന്ന് പറയപ്പെടുന്ന നോട്ടീസ് ഇതുവരെ കൈപ്പറ്റിയിട്ടില്ല. അതിലെ വിഷയങ്ങൾ എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്. ചെയ്യാത്ത തെറ്റിനാണ് ക്രൂശിക്കുന്നതെന്നും മേയർ പറഞ്ഞു.