thozhilurapp

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം അനിശ്ചിത കാലമായി മുടങ്ങിക്കിടക്കുന്നതിന് പരിഹാരമായി പുതിയ ചട്ടം ഏർപ്പെടുത്തുമെന്ന് മന്ത്രി എം ബി രാജേഷ്. ഇതിൻ പ്രകാരം വേതന നഷ്ടത്തിന് അനുസൃതമായി നഷ്ടപരിഹാരം തൊഴിലാളികൾക്കായി ഏർപ്പെടുത്തും. ജോലി പൂർത്തിയായി15 ദിവസത്തിനകം വേതനം ലഭിച്ചില്ലെങ്കിൽ പതിനാറാം ദിവസം മുതലായിരിക്കും കുടിശ്ശിക വേതനത്തിന്റെ 0.05 ശതമാനം ദിനംപ്രതി തൊഴിലാളികൾക്ക് നൽകുക. അടുത്ത പതിനഞ്ച് ദിവസത്തിന് ശേഷവും കുടിശ്ശിക തീർത്തില്ലെങ്കിൽ സമാനമായി വീണ്ടും നഷ്ടപരിഹാരത്തിന്റെ 0.05 ശതമാനം വീതം ദിനംപ്രതി ലഭിക്കും.

സംസ്ഥാന തൊഴിലുറപ്പ് ഫണ്ടിൽ നിന്നായിരിക്കും നഷ്ടപരിഹാരത്തുക നൽകുന്നത്. വേതനം വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് ഈ തുക ഈടാക്കുന്നതായിരിക്കും. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സമയബന്ധിതമായും കൃത്യതയോടെയും വേതനം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ ഇടപെടലുകളുടെ ഭാഗമാണ് തീരുമാനമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ജോലി പൂർത്തീകരിച്ച് രണ്ട് ദിവസത്തിനകം തന്നെ തൊഴിലുറപ്പ് പദ്ധതിയുടെ മാനേജ്മെന്‍റ് ഇൻഫര്‍മേഷൻ സിസ്റ്റത്തില്‍ വിവരം ഉൾപ്പെടുത്തണമെന്നാണ് പുതിയ ചട്ടത്തിലെ വ്യവസ്ഥ. വിവരങ്ങളുടെ പരിശോധന അടക്കം അഞ്ച് ദിവസത്തിനകം പൂർത്തിയാക്കിയിരിക്കണം. ഇതിന് ശേഷം അടുത്ത നടപടിയായി അക്കൗണ്ടന്‍റ്/ഐടി അസിസ്റ്റന്‍റ് വേതന പട്ടിക തയ്യാറാക്കും. ഏഴ് ദിവസത്തിനകം തന്നെ വേതനം തൊഴിലാളികളിലെത്തിക്കാനുള്ള നടപടികളും സ്വീകരിക്കണം.