maruti

കൊച്ചി: ഉത്സവകാലം നിറഞ്ഞുനിന്ന ഒക്‌ടോബറിൽ ഇന്ത്യൻ റീട്ടെയിൽ വാഹനവില്പന രേഖപ്പെടുത്തിയത് മികച്ചനേട്ടം. 2021 ഒക്‌ടോബറിലെ 14.18 ലക്ഷം യൂണിറ്റുകളേക്കാൾ 47.62 ശതമാനം വളർച്ചയോടെ 20.94 ലക്ഷം പുതിയ വാഹനങ്ങളാണ് കഴിഞ്ഞമാസം നിരത്തിലെത്തിയത്. 2020 ഒക്‌ടോബറിനേക്കാൾ 39.51 ശതമാനവും 2019 ഒക്‌ടോബറിനേക്കാൾ 8.32 ശതമാനവും അധികമാണിത്.

മൊത്തം ടൂവീലർ വില്പന 51.10 ശതമാനം ഉയർന്ന് 15.71 ലക്ഷം യൂണിറ്റുകളിലെത്തി. 66,763 പുതിയ ത്രീവീലറുകളും വിറ്റഴിഞ്ഞു; വർദ്ധന 65.87 ശതമാനം. പാസഞ്ചർ (കാർ,​ വാൻ,​ എസ്.യു.വി)​ വില്പന 40.55 ശതമാനം മുന്നേറി 3.28 ലക്ഷം യൂണിറ്റുകളായി. 17.42 ശതമാനം വർദ്ധനയുമായി 53,​362 ട്രാക്‌ടറുകളും 25.40 ശതമാനം നേട്ടവുമായി 74,​443 വാണിജ്യവാഹനങ്ങളും കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തി.

ഉണർവിന്റെ കാലം

എല്ലാവിഭാഗം ശ്രേണികളും കഴിഞ്ഞമാസം വില്പനവളർച്ച നേടിയെന്ന ആഹ്ളാദമാണ് റീട്ടെയിൽ വിപണിയിലുള്ളത്. കൊവിഡ് പ്രതിസന്ധി,​ ചിപ്പ് ക്ഷാമം എന്നിവ അയഞ്ഞതും മികച്ച ഉത്‌സവകാല ഓഫറുകളും പുത്തൻ ലോഞ്ചുകളുമാണ് തുണച്ചതെന്ന് ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (ഫാഡ)​ വ്യക്തമാക്കി.

മികവോടെ മാരുതിയും ഹീറോയും

ടൂവീലറുകളിൽ ഹീറോയും പാസഞ്ചർ വാഹനശ്രേണിയിൽ മാരുതിയും ഒന്നാംസ്ഥാനം നിലനിറുത്തി. വിപണിവിഹിതം മെച്ചപ്പെടുത്താനും ഇവയ്ക്കുകഴിഞ്ഞു. വിവിധശ്രേണികളിലെ ഒന്നാംസ്ഥാനക്കാരും വിപണിവിഹിതവും:

 ടൂവീലർ : ഹീറോ മോട്ടോകോർപ്പ് (32.31%)​

 ത്രീവീലർ : ബജാജ് ഓട്ടോ (36%)​

 വാണിജ്യശ്രേണി : ടാറ്റാ മോട്ടോഴ്സ് (36.90%)​

 പാസ‍ഞ്ചർ വാഹനം : മാരുതി (41.60%)​

 ട്രാക്‌ടർ : മഹീന്ദ്ര ആൻഡ് മഹീന്ദ്ര (22.76%)​

മൊത്തക്കച്ചവടവും ഉഷാർ

ഫാക്‌ടറികളിൽ നിന്ന് ഡീലർഷിപ്പുകളിലേക്കുള്ള വില്പനയും (ഹോൾസെയിൽ) കഴിഞ്ഞമാസം രേഖപ്പെടുത്തിയത് മികച്ചനേട്ടം. 2021 ഒക്‌ടോബറിലെ 18.10 ലക്ഷം യൂണിറ്റുകളിൽ നിന്ന് 19.23 ലക്ഷം യൂണിറ്റുകളിലേക്കാണ് കഴിഞ്ഞമാസം വില്പന കൂടിയത്; വളർച്ച 6.19 ശതമാനം.

പാസഞ്ചർ വാഹന (കാർ,​ വാൻ,​ എസ്.യു.വി)​ വില്പന 28 ശതമാനം മുന്നേറി 2.91 ലക്ഷം യൂണിറ്റുകളായി. മൊത്തം ടൂവീലർ വില്പന 15.52 ലക്ഷത്തിൽ നിന്ന് 15.77 ലക്ഷം യൂണിറ്റായി മെച്ചപ്പെട്ടു. ടൂവീലറുകളിൽ ഇ-വാഹനങ്ങൾക്കും വലിയപ്രിയമാണുള്ളത്. ഏതർ എനർജി,​ ഒകിനാവ എന്നിവയാണ് ഈ വിഭാഗത്തിൽ മുന്നേറുന്നത്.