
കൊച്ചി: പ്രമുഖ ഇറ്റാലിയൻ ബ്രാൻഡായ ഏപ്രിലിയ ഇത്തവണത്തെ മിലാൻ മോട്ടോർസൈക്കിൾ ഷോയിൽ (ഇ.ഐ.സി.എം.എ) അവതരിപ്പിച്ച കോൺസെപ്‌റ്റ് മോഡലാണ് 'ഇലക്‌ട്രിക്ക". ഈ ഓൾ-ഇലക്‌ട്രിക് ടൂവീലറിലൂടെ ആഡംബര ടൂവീലർ ബ്രാൻഡായ ഏപ്രിലിയ ഉന്നമിടുന്നത് യുവാക്കളെയാണ്.
റൈഡിംഗ് മികവിലോ പെർഫോമൻസിലോ വിട്ടുവീഴ്‌ചയ്ക്കൊരുങ്ങാത്ത ഇലക്‌ട്രിക്ക ഫീച്ചറുകളാൽ സമ്പന്നമായിരിക്കുമെന്നും പ്രകൃതിസൗഹൃദമാണെന്നും ഏപ്രിലിയ വ്യക്തമാക്കി. മെലിഞ്ഞ ബോഡിയാണ് ഇലക്‌ട്രിക്കയ്ക്കുള്ളതെങ്കിലും അത് വേറിട്ടതും റോഡിൽ ഏവരുടെയും ശ്രദ്ധ കവരുന്നതുമാണ്. കൂടുതൽ ശ്രദ്ധകൈവരിക്കുക മാത്രമല്ല, റൈഡിംഗ് എളുപ്പമാക്കുക കൂടിയാണ് രൂപകല്‌പനയിലെ ഈ ഡി.എൻ.എ മാറ്റത്തിന് പിന്നിൽ.
സാധാരണക്കാർക്കും എത്തിപ്പിടിക്കാവുന്ന ശ്രേണിയിലാകും ഇലക്‌ട്രിക്കയെ ഏപ്രിലിയ അവതരിപ്പിച്ചേക്കുക. സിറ്റി നിരത്തുകൾക്ക് ഇണങ്ങിയവിധം ലൈറ്റ്‌വെയ്‌റ്റായാണ് ഇലക്‌ട്രിക്കയെ ഒരുക്കുന്നത്. കീലെസ് സംവിധാനം, എൽ.ഇ.ഡി ഇൻസ്‌ട്രുമെന്റ് ക്ളസ്‌റ്റർ, അലോയ് വീലുകൾ തുടങ്ങിയവ പ്രതീക്ഷിക്കാം.