diabetes-

ലോകമെമ്പാടും കണ്ട് വരുന്ന ജീവിതശൈലി രോഗമാണ് പ്രമേഹം. ആഹാരരീതിയിൽ വന്ന അനാരോഗ്യകരമായ മാറ്റങ്ങൾ, മാനസികസമ്മർദ്ദം, പുകവലിയും മദ്യപാനവും ഉൾപ്പെടെ ലഹരി അടങ്ങിയ പാനീയങ്ങളുടേയും ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ചില മരുന്നുകളുടെ ഉപയോഗവുമെല്ലാം പ്രമേഹത്തിന് കാരണമാകാം .പാരമ്പര്യമായി പ്രമേഹരോഗമുള്ള കുടുംബാംഗങ്ങൾക്കും വേണ്ടത്ര അദ്ധ്വാനമില്ലാത്തവർക്കും മാനസികസമ്മർദ്ദം ഉള്ളവർക്കും ഗർഭാവസ്ഥയിൽ പ്രമേഹം ഉണ്ടായിട്ടുള്ളവർക്കും അവരുടെ കുട്ടികൾക്കും പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

കൊവിഡ് ബാധയ്ക്ക് ശേഷം പ്രമേഹബാധ പലരിലും സങ്കീർണമായ ആരോഗ്യ പ്രതിസന്ധിയുണ്ടാക്കുന്നതിന് കാരണമായിട്ടുണ്ട്. പ്രത്യേകിച്ച് പ്രമേഹത്തിനൊപ്പം ഉയർന്ന രക്തസമ്മർദ്ദവുമുള്ളവരിൽ. അത് കൊണ്ട് തന്നെ പ്രമേഹം പരിധി വിടാതെ പിടിച്ച് നിർത്തേണ്ടത് അനിവാര്യമാണ്. ഒരു ജീവിതശൈലി രോഗമായതിനാൽ തന്നെ സ്വയം ചിട്ടയായ ചില ശീലങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്നത് വഴി പ്രമേഹത്തിന് ഒരു പരിധി വരെ തടയിടാവുന്നതാണ്.

വ്യായാമം ഉറപ്പാക്കുക

പ്രഭാതത്തിൽ വ്യായാമത്തിൽ ഏർപ്പെടുന്നത് പ്രമേഹരോഗികളിൽ മികച്ച ആരോഗ്യം ഉറപ്പ് വരുത്തുന്നു. വ്യായാമം പേശികളുടെ പ്രവർത്തനത്തെ വർദ്ധിപ്പിക്കുകയും ഇതിലൂടെ ഊർജ്ജത്തിനായി ശരീരത്തിലെ പഞ്ചസാര കൂതുതലായി ഉപയോഗിക്കുകയും ചെയ്യും. കൂടാതെ അമിതഭാരം ഒഴിവാക്കാനും വ്യായാമം സഹായിക്കുന്നു. പ്രമേഹ രോഗികളുടെ പ്രായത്തിന് അനുയോജ്യമായ വ്യായാമം അതിനാൽ ദിനചര്യയുടെ ഭാഗമാക്കേണ്ടതാണ്.

കോഫി ഒഴിവാക്കുക

രാവിലെ തന്നെ ചായയും കോഫിയും കുടിക്കുന്നത് പ്രമേഹ രോഗികൾ കഴിവതും ഒഴിവാക്കേണ്ട ഒരു ശീലമാണ്. ശരീരത്തിലെ പഞ്ചസാരയുടെ അളവുയർത്താൻ കാപ്പിയ്ക്ക് കഴിയും. അതിനാൽ തന്നെ കോഫിയ്ക്ക് പകരം രാവിലെ ഒരു ഗ്ളാസ് വെള്ളം കുടിക്കുന്നതായിരിക്കും കൂടുതൽ അഭികാമ്യം.ഇത് ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കും.

ഉലുവ വെള്ളം കുടിക്കുക

മറ്റ് പാനിയങ്ങൾക്ക് പകരമായി ഉലുവ വെള്ളം കുടിക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് ഏറെ സഹായകരമാണ്. തലേദിവസം ഉലുവ വെള്ളത്തിലിട്ട് വെച്ച ശേഷം പിറ്റേ ദിവസം രാവിലെ കുടിക്കാവുന്നതാണ്. ലയിച്ച് പോകുന്ന തരത്തിലെ നാരുകൾ ഉലുവയിലുണ്ട് ഇവ ശരീരത്തിലെ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നതിന് സഹായിക്കും.

പ്രോട്ടിൻ അടങ്ങിയ ഭക്ഷണം

രക്തത്തിലെ പഞ്ചസാരയുടെ അംശം കുറയ്ക്കാൻ ഏറെ സഹായകരമാണ് പ്രോട്ടീൻ. അതിനാൽ പ്രോട്ടീൻ അധികമായി അടങ്ങിയ വിഭവങ്ങൾ പ്രമേഹ രോഗികൾ പ്രഭാത ഭക്ഷണത്തോടൊപ്പം ഉൾപ്പെടുത്തേണ്ടതാണ്. ഫൈബർ കൂടുതലടങ്ങിയ ഭക്ഷണവും പ്രധാനമാണ്. പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ അത് രക്തത്തിലെ പഞ്ചസാരയുടെ വർധനവിനും വഴിതെളിയ്ക്കും.