
യുപിഐ സേവനങ്ങൾ രാജ്യത്തെ വിപ്ലവാത്മകമായ മാറ്റങ്ങളാണ് കൊണ്ട് വന്നത്. ഈ മാറ്റങ്ങൾ മുഖേനേ വിവിധ സാമ്പത്തിക ശ്രേണിയിൽപ്പെട്ട നിരവധിയാളുകളാണ് ഇപ്പോൾ യുപിഐ വഴി പണ വിനിമയം നടത്തുന്നത്. ബാങ്കിൽ നിന്ന് പണം നേരിട്ട് ആപ്പുകൾ മുഖാന്തരം അയക്കപ്പെടുന്ന ഇത്തരം സേവനങ്ങളിലെ സുരക്ഷയെപ്പറ്റി പലരും ആശങ്ക ഉന്നയിക്കാറുണ്ട്. ഇത്തരം ആശങ്കകൾക്ക് പരിഹാരമായി പുതിയ നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് യുപിഐ സേവന ദാതാവായ ഫോൺ പേ.
ഒടിപി സംവിധാനം ഉപയോഗിച്ച് ആധാർ മുഖേനെ യുപിഐ ആക്ടിവേഷൻ നടപ്പിലാക്കാനുള്ള സൗകര്യമാണ് ഫോൺ പേ അവതരിപ്പിക്കുന്നത്. ഇതിനെക്കുറിച്ചുള്ള അറിയിപ്പ് കമ്പനി ബുധനാഴ്ച പുറപ്പെടുവിച്ചിരുന്നു. ഇതിൻ പ്രകാരം ആധാർ അധിഷ്ഠിത യുപിഐ സേവനം നടപ്പിലാക്കുന്ന ആദ്യത്തെ തേർഡ് പാർട്ടി ആപ്ലിക്കേഷനാണ് ഫോൺപേ.
നിലവിൽ യുപിഐ സേവനങ്ങൾ ആരംഭിക്കുന്നതിന്റെ രജിസ്ട്രേഷന് ഘട്ടത്തിൽ ഒരു ഡെബിറ്റ് കാർഡ് ഉണ്ടാകേണ്ടത് നിർബന്ധമാണ്. ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകുന്നത് വഴിയാണ് റജിസ്ട്രേഷൻ പൂർത്തിയാകുന്നത്. ഇത് മൂലം ഡെബിറ്റ് കാർഡ് സൗകര്യങ്ങൾ ഇല്ലാത്തവർക്ക് ഫോൺ പേ ഉപയോഗം പരിമിതമായി മാറി. എന്നാൽ സേവനങ്ങൾക്കായി ആധാർ വിവരം നൽകുന്നതോടെ ഈ ഡിജിറ്റൽ വേർതിരിവ് ഒഴിവാക്കപ്പെടും. അതിനാൽ തന്നെ ആധാർ സാമ്പത്തിക ഇടപെടലുമായി ബന്ധിപ്പിക്കുന്ന ഒരു മികച്ച പദ്ധതിയായി ഇതിനെ കണക്കാക്കാം.
പുതിയ സംവിധാനത്തിൽ ആധാർ e-KYC, ഫോൺപേ ആപ്പിലെ യുപിഐ ഓൺബോർഡിംഗുമായി ബന്ധിപ്പിക്കും. അതിനാൽ തന്നെ, ഈ ഓപ്‌ഷൻ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ഓൺബോർഡിംഗ് പ്രക്രിയ ആരംഭിക്കുന്നതിന് അവരുടെ ആധാർ നമ്പറിന്റെ അവസാന ആറ് അക്കങ്ങൾ നൽകിയാൽ മതിയാകും. പ്രക്രിയ പൂർത്തിയാക്കുന്നതിന് വ്യക്തികൾക്ക് യുഐഡിഎഐയിൽ നിന്നോ അവരുടെ ബന്ധപ്പെട്ട ബാങ്കിൽ നിന്നോ ഒരു ഒടിപി ലഭിക്കും. ഇത് പോസ്റ്റ് ചെയ്താൽ, ഉപഭോക്താക്കൾക്ക് ഫോൺപേ ആപ്പിൽ പേയ്‌മെന്റുകളും ബാലൻസ് ചെക്കും പോലുള്ള എല്ലാ യുപിഐ ഫീച്ചറുകളും ആക്‌സസ് ചെയ്യാൻ കഴിയും. ഇത് മൊത്തത്തിലുള്ള യുപിഐ ഇക്കോസിസ്റ്റം വികസിപ്പിക്കാനും പുതിയ ഉപഭോക്താക്കളെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിലേക്ക് എളുപ്പത്തിൽ എത്തിക്കാനും സഹായിക്കും.