himachal-pradesh-election

ഷിംല: ഹിമാചൽ പ്രദേശിൽ അറുപത്തിയെട്ട് അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. മന്ദഗതിയിലാണ് പോളിംഗ്. ആദ്യ ഒരു മണിക്കൂറിൽ നാല് ശതമാനത്തോളം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 55,74,793 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. മുഖ്യമന്ത്രി ജയറാം ഠാക്കൂറും ഹിമാചൽ കോൺഗ്രസ് അദ്ധ്യക്ഷ പ്രതിഭാ സിംഗുമാണ് ഇതുവരെ വോട്ട് ചെയ്ത പ്രമുഖ നേതാക്കൾ.


അതേസമയം, വോട്ടെടുപ്പിൽ എല്ലാവരും പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഹിമാചലിൽ ബി ജെ പി വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ പ്രതികരിച്ചു. സർക്കാർ തുടരണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസ് അധികാരത്തിൽ വരുമെന്നാണ് പ്രതിഭാ സിംഗിന്റെ പ്രതികരണം. കോൺഗ്രസ്, ബി ജെ പി, ആം ആദ്‌മിയടക്കമുള്ള പാർട്ടികളിലെ 412 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. മുഖ്യമന്ത്രി ജയ് റാം താക്കൂർ (സെറാജ്), കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ മുകേഷ് അഗ്നിഹോത്രി (ഹരോളി), മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിന്റെ മകൻ വിക്രമാദിത്യ സിംഗ് (ഷിംല റൂറൽ), സി.പി.എമ്മിന്റെ രാകേഷ് സിൻഹ (തിയോഗ്) എന്നിവരാണ് മത്സരിക്കുന്ന പ്രമുഖർ.