അർജന്റീനയ്ക്കും ബ്രസീലിനും ഫ്രാൻസിനുമൊക്കെ അപ്പുറത്ത് ഏതൊക്കെ ടീമുകളാകും ഖത്തർ ലോകകപ്പിൽ വിസ്മയം സൃഷ്ടിക്കുക?. മെസിയും ക്രിസ്റ്റ്യാനോയും നെയ്മറുമല്ലാതെ ഈ ലോകകപ്പിൽ സൂപ്പർ താരമായി ഉദിച്ചുയരുന്നതാരൊക്കെയാവും?. ഖത്തറിൽ ഇന്ന് ലോകകപ്പിനായി പന്തുരുണ്ടുതുടങ്ങുമ്പോൾ ആരാധകരുടെ ഉള്ളിൽ ഉയരുന്ന ചോദ്യങ്ങളാണിത്.

എല്ലാ ലോകകപ്പുകളിലും ആരാധകരുടെ പ്രതീക്ഷകളുടെ അമിതഭാരമോ,പാരമ്പര്യത്തിന്റെ പ്രൗഡിയോ, വമ്പൻ താരങ്ങളുടെ സമ്മർദ്ദമോ ഒന്നുമില്ലാതെ വന്ന് അത്ഭുത മുന്നേറ്റങ്ങൾ നടത്തി എക്കാലവും കളിയാരാരാധകരുടെ മനസിൽ ഇടം പിടിക്കുന്ന ടീമുകളുണ്ടായിട്ടുണ്ട്.കഴിഞ്ഞ ലോകകപ്പിൽ ക്രൊയേഷ്യയുടെ ഫൈനൽവരെയുള്ള മുന്നേറ്റം അത്തരത്തിലൊന്നായിരുന്നു. 2002ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽവരെയെത്തിയ സെനഗലും 2006ൽ ഇറ്റലിയോട് ക്വാർട്ടറിൽ തോറ്റുമടങ്ങേണ്ടിവന്ന യുക്രെയ് നും 2010ൽ ഉറുഗ്വേയോട് ക്വാർട്ടർ ഫൈനലിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ പടവെട്ടിവീണ ഘാനയും 2014ൽ വിസ്മയമായ കോസ്റ്റാറിക്കയും കൊളംബിയയുമൊക്കെ ലോകകപ്പിലെ കറുത്ത കുതിരകളുടെ സമീപകാല ഉദാഹരണങ്ങളാണ്. 1994ൽ ഗോളടി വീരനായി മാറിയ സ്റ്റോയ്ക്കോവും 1998ലെ ഡേവർ സുകേറും 2010ൽ ടോപ് സ്കോറർ പട്ടം പങ്കിട്ട ഡീഗോ ഫോർലാനും 2018ലെ മികച്ച താരം ലൂക്കാ മൊഡ്രിച്ചുമൊക്കെ അപ്രതീക്ഷിത സൂപ്പർ താരോദയങ്ങളായിരുന്നു.
ഖത്തറിൽ ആ രീതിയിലേക്ക് ഉയരാനുള്ള സാദ്ധ്യത ആർക്കൊക്കെയാണെന്ന് നോക്കാം....
മാനേയുടെ സെനഗൽ
ഈ മാസമാദ്യം സാഡിയോ മാനേയ്ക്ക് പരിക്കേറ്റെന്ന വാർത്ത സെനഗലിലെ ഫുട്ബാൾ ആരാധകരെ മാത്രമല്ല സ്തബ്ധരാക്കിയത്;ആഫ്രിക്കൻ വൻകരയെ ഒന്നാകെയായിരുന്നു.അത്രത്തോളമായിരുന്നു ഈ 30കാരൻ സ്ട്രൈക്കറിൽ ഫുട്ബാൾ ലോകം പുലർത്തിയ പ്രതീക്ഷകൾ. അഞ്ചുവർഷം ഇംഗ്ളീഷ് ക്ളബ് ലിവർപൂളിൽ കളിച്ച് പ്രിമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും എഫ്.എ കപ്പിലുമൊക്കെ ക്ളബിനെ ജേതാക്കളാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മാനേ ഈ സീസണിലാണ് ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിലേക്ക് കൂടുമാറിയത്. ബയേണിന് വേണ്ടി കളിക്കുമ്പോഴാണ് കാലിന് പരിക്കേറ്റത്. എന്നാൽ മാനേയുടെ അസാന്നിദ്ധ്യം തങ്ങളുടെആത്മവീര്യം തകർക്കുമെന്ന് തിരിച്ചറിഞ്ഞ സെനഗൽ ടീം അദ്ദേഹത്തെക്കൂടി ഉൾപ്പെടുത്തിയാണ് 26 അംഗടീം പ്രഖ്യാപിച്ചത്. കിക്കോഫിന് മുമ്പ് മാനേയുടെ പരിക്ക് മാറുമെന്നും കളത്തിലിറങ്ങാമെന്നുമാണ് സെനഗളീസ് സ്വപ്നങ്ങൾ.
നെടുംതൂൺ മാനേയാണെങ്കിലും ഇക്കുറി കറുത്തകുതിരകളാവാൻ സെനഗലിന് സാദ്ധ്യത നൽകുന്നത് പ്രതിരോധത്തിൽ നായകൻ കാലിദോ കൗലിയാബാലിയുടെയും വലയ്ക്ക് കീഴെ എഡ്വാർഡ് മെൻഡിയുടെയും സാന്നിദ്ധ്യമാണ്.ചെൽസി താരങ്ങളാണ് ഇരുവരും. ഈ ത്രിമൂർത്തികളുടെ കരുത്തിലാണ് സെനഗൽ ഇത്തവണ ആഫ്രിക്ക നേഷൻസ് കപ്പ് നേടിയത്. 2018ൽ ആദ്യ റൗണ്ടിനപ്പുറം പോകാൻ കഴിയാതിരുന്ന സെനഗലിന്റെ നാലുവർഷത്തെ തയ്യാറെടുപ്പുകളാണ് ഖത്തറിൽ വിസ്മയം സൃഷ്ടിക്കാനൊരുങ്ങുന്നത്.
ലെവനാണ്, പോളണ്ടിന്റെ പുലി
കഴിഞ്ഞ രണ്ട് വർഷമായി ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരവും യൂറോപ്പിലെ ഗോളടി വീരനുള്ള ഗോൾഡൻ ഷൂവും നേടിയത് പോളിഷ് സ്ട്രൈക്കറായ റോബർട്ട് ലെവൻഡോവ്സ്കിയാണ്. ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിനായി ഗോളുകൾ അടിച്ചുകൂട്ടിയ ലെവനെയാണ് സാക്ഷാൽ മെസിക്ക് പകരക്കാരനായി ബാഴ്സലോണ സ്വന്തമാക്കിയത്.
ഈ ലോകകപ്പിൽ ലെവന്റെ ഒറ്റയാൾ മുന്നേറ്റത്തിന് എത്രത്തോളം പോകാൻ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും പോളണ്ടിന്റെ ഭാവി. രാജ്യത്തിനായി 134 മത്സരങ്ങളിൽ നിന്ന് 76 ഗോളുകൾ ലെവൻ നേടിയിട്ടുണ്ട്. അർജന്റീനയും മെക്സിക്കോയും സൗദിയുമടങ്ങുന്ന ഗ്രൂപ്പിലാണ് പോളണ്ട് കളിക്കുന്നത്. മെസിയും ലെവനും മുഖാമുഖമിറങ്ങുന്ന മത്സരം ആവേശകരമാകുമെന്നുറപ്പ്.
ബാലെയുടെ വേയ്ൽസ്
യൂറോപ്യൻ ഫുട്ബാൾ ഏറെ ആവേശത്തോടെ വാഴ്ത്തിപ്പാടുകയും ആ നിരയിലേക്ക് ഉയരാൻ കഴിയാതെ പോവുകയും ചെയ്ത താരമാണ് വേയ്ൽസിന്റെ ഗാരേത്ത് ബാലെ. ടോട്ടൻഹാമിലും റയൽ മാഡ്രിഡിലും കളിച്ച് പരിചയ സമ്പന്നനായ ബാലേ കരിയറിന്റെ അവസാന ഘട്ടത്തിൽ അമേരിക്കൻ ക്ളബ് ലോസാഞ്ചലസ് എഫ്.സിയിലാണ്. ക്ളബ് കരിയറിൽ സമകാലീന പ്രതിഭകൾക്കൊപ്പം ഉയരാനായില്ലെങ്കിലും രാജ്യത്തിന്റെ കുപ്പായമണിയുമ്പോൾ ഈ 33കാരൻ ഇപ്പോഴും കരുത്തനാണ്.വേയ്ൽസിനായി 108 മത്സരങ്ങൾ കളിച്ച അനുഭവസമ്പത്തുണ്ട് ബാലേയ്ക്ക്. 2016ലെ യൂറോകപ്പിൽ ടീമിനെ സെമിവരെ എത്തിച്ച ഓർമ്മകളും കരുത്തേകും.മറ്റൊരു വെറ്ററൻ താരം ആരോൺ റാംസേയുടെ പരിചയസമ്പത്തും കൂടി ചേരുമ്പോൾ വേയ്ൽസിന് ഇക്കുറി അത്ഭുതങ്ങൾ സൃഷ്ടിക്കാനായേക്കും.
മധുരിക്കാൻ ഓറഞ്ച്
2010 ലോകകപ്പിൽ വെസ്ലി സ്നൈഡറും ആര്യൻ റോബനും ചേർന്ന് സെമിവരെയെത്തിച്ച ഡച്ചുപടയ്ക്ക് അതിന്ശേഷം വലിയ മുന്നേറ്റങ്ങളൊന്നും സൃഷ്ടിക്കാനായിരുന്നില്ല. പഴയ ടോട്ടൽ ഫുട്ബാളിന്റെ വക്താക്കൾക്ക് പക്ഷേ ഇപ്പോഴും ഫുട്ബാൾ ലോകത്ത് ആരാധകരുടെ കുറവൊന്നുമില്ല. ഇക്കുറി മികച്ച ഒരു ടീമുമായാണ് പരിചയ സമ്പന്നനായ കോച്ച് ലൂയിസ് വാൻ ഗാൽ ടീമിനെ ഒരുക്കിയിരിക്കുന്നത്. ഓരോ പൊസിഷനിലും മികച്ച താരങ്ങളുണ്ടെന്നതാണ് ഓറഞ്ച് പടയെ ശക്തരാക്കുന്നത്. മുന്നേറ്റത്തിൽ മെ ം ഫിസ് ഡെപ്പേയാണ് തുറുപ്പുചീട്ട്. യോഗ്യതാ റൗണ്ടിൽ 12 ഗോളുകൾ ഡെപ്പേ നേടിയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധതാരമായ വിർജിൽ വാൻഡിക്കാണ് ഡിഫൻസിലെ കരുത്ത്.ബാഴ്സലോണയുടെ ഫ്രെങ്കീ ഡിയോംഗും 19കാരൻ ഷാവി സിമോണുമൊക്കെ മദ്ധ്യനിരയ്ക്ക് കരുത്തുപകരും.
കാനഡയുടെ കൂട്ടായ്മ
നഷ്ടപ്പെടാൻ ഒന്നുമില്ലെന്നതാണ് കാനഡയെ ഈ ലോകകപ്പിലെ കറുത്തകുതിരകളായി കണക്കാക്കാൻ പ്രേരിപ്പിക്കുന്നത്. സമീപകാലത്തുനടന്ന അന്താരാഷ്ട്ര സൗഹൃദമത്സരങ്ങളിൽ ക്രോയേഷ്യയെയും ബെൽജിയത്തിനെയുമൊക്കെ അടിച്ചിടാൻ കഴിഞ്ഞ ടീമാണ് കാനഡയുടേത്. കൂട്ടായ മികവാണ് കാനഡയെ മുന്നോട്ടുനയിക്കുന്നത്. മുന്നേറ്റത്തിൽ ജൊനാഥൻ ഡേവിഡും പ്രതിരോധത്തിൽ അൽഫോൺസോ ഡേവീസും യൂറോപ്പ്യൻ ക്ളബ് ഫുട്ബാളിലെ അനുഭവ സമ്പത്തുമായി ടീമിന് ഉൗർജം നൽകുന്നു.
കഴിഞ്ഞ തവണ ഫൈനലിൽ കളിച്ചെങ്കിലും കറുത്ത കുതിരകളുടെ ബാഡ്ജ് ഇക്കുറിയും ക്രൊയേഷ്യയ്ക്ക് ചേരും. കൃസ്ത്യൻ പുലിസിച്ച് എന്ന ചെൽസി സ്ട്രൈക്കറുടെ ചിറകിലേറി വരുന്ന അമേരിക്കയും 2014 ലോകകപ്പിൽ വിസ്മയസേവുകൾ കൊണ്ട് തലക്കെട്ടുകൾ സൃഷ്ടിച്ച ഗോളി ഗ്വില്ലർമോ ഒചോവയുടെ മെക്സിക്കോയും ഏഷ്യൻ രാജ്യങ്ങളായ ജപ്പാനും ദക്ഷിണകൊറിയയും ആതിഥേയരായ ഖത്തറും അയൽക്കാരായ സൗദിയും ആഫ്രിക്കയിൽ നിന്ന് ഘാനയും കാമറൂണുമൊക്കെ തങ്ങളുടെ മികവ് പുറത്തെടുക്കാൻ അവസരംതേടിയാണ് കളത്തിലിറങ്ങുന്നത്.