
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് രാജ്‌ഭവനിലെത്തി. ഓർഡിനൻസിൽ ഗവർണറുടെ നിലപാട് നിർണായകമാണ്. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. ഇതിനിടെ ഗവർണർ ഇന്ന് ഡൽഹിക്ക് പോകും. വിദഗ്ദ്ധോപദേശം നോക്കി തുടർനടപടി എടുക്കാനാണ് നീക്കം.
അതേസമയം, വിഷയത്തിൽ മന്ത്രിമാരായ ആർ ബിന്ദുവും വി ശിവൻകുട്ടിയും പ്രതികരിച്ചു. ഗവർണർ ഓർഡിനൻസിൽ ഒപ്പിടുന്നതാണ് മര്യാദയെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. ജനാധിപത്യപരമായി അതല്ലേ ശരിയെന്നും മന്ത്രി ചോദിച്ചു. വിദ്യാഭ്യാസമേഖലയിൽ ഗവർണർ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഗവർണർ വിവാദങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.