
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിലായതിന് പിന്നാലെ നിർണായക വിവരങ്ങൾ പുറത്ത്. കാച്ചാണി സ്വദേശിയും തിരുവനന്തപുരം വിജിലൻസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ സാബു പണിക്കരാണ് പിടിയിലായത്.
വർഷങ്ങൾക്ക് മുമ്പ് ഫേസ്ബുക്കിലൂടെയാണ് പൊലീസുകാരൻ പരാതിക്കാരിയെ പരിചയപ്പെട്ടത്. ഏഴ് വർഷത്തിനിടെ തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിലെ ലോഡ്ജുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വകാര്യ ചിത്രങ്ങൾ പകർത്തുകയും ചെയ്‌തെന്നാണ് പരാതിക്കാരിയുടെ ആരോപണം.
യുവതിയെ ചൂഷണം ചെയ്ത ഇയാൾ വിവാഹവാഗ്ദാനത്തിൽ നിന്ന് പിൻമാറി. അതിനുശേഷവും ചൂഷണം ചെയ്യാൻ ശ്രമിച്ചു. വിസമ്മതിച്ചപ്പോൾ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്ന് അരുവിക്കര പൊലീസ് വെളിപ്പെടുത്തി. പീഡനം, ഐടി ആക്ട് പ്രകാരമാണ് സാബുവിനെതിരെ കേസെടുത്തിരിക്കുന്നത്.
കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ സാബുവിനെ ഒരു ലോഡ്‌ജിൽ വച്ചാണ് പിടികൂടിയത്. വീഡിയോ പ്രചരിപ്പിച്ചതിന് ഇയാളുടെ സുഹൃത്തുക്കളായ ഉദയൻ, സന്തോഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സാബുപണിക്കരെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.